മൈലാടി മലമുകളിൽ പരിക്കേറ്റ ആദിവാസിയെ പുറത്തെത്തിച്ചത് വനത്തിലൂടെ രണ്ട് കിലോമീറ്റർ നടന്ന്
text_fieldsഊർങ്ങാട്ടിരി: പഞ്ചായത്തിലെ മൈലാടി ആദിവാസി നഗറിൽ വീണ് പരിക്കേറ്റ യുവാവിന് രക്ഷകരായി ആരോഗ്യ വകുപ്പും അരീക്കോട് പൊലീസും ടി.ഡി.ആർ.എഫും. ബുധനാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം.
സുധീഷിനെയാണ് മൈലാടി മലമുകളിൽ കാലിന് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് എസ്.ടി പ്രമോട്ടർ ഹരിദാസ് ട്രൈബൽ മൊബൈൽ യൂനിറ്റിലെ ഡോ.ഷെരീഫയെ വിവരം അറിയിക്കുകയായിരുന്നു. മെഡിക്കൽ സംഘം ഉടൻ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും യുവാവിന്റെ കാലിന്റെ പരിക്ക് കൂടുതൽ ഗുരുതരമായിരുന്നു.
വിദഗ്ധ ചികിത്സക്കായി വനത്തിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അരീക്കോട് പൊലീസിന്റെയും ടി.ഡി.ആർ.എഫിന്റെയും സഹായം തേടുകയായിരുന്നു.
എട്ടു പേരടങ്ങുന്ന ടി.ഡി.ആർ.എഫ് അംഗങ്ങളും പൊലീസും ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഏകദേശം രണ്ട് കിലോമീറ്റർ വനത്തിലൂടെ യുവാവിനെ സ്ട്രച്ചറിൽ കിടത്തിയാണ് പുറത്ത് എത്തിച്ചത്.
വനത്തിലൂടെയുള്ള യാത്ര ഏറെ പ്രയാസകരമായിരുന്നു എന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. പരിക്കേറ്റ സുധീഷിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇയാളുടെ തുടയെല്ല് വീഴ്ചയിൽ പൊട്ടിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ജില്ല ഡി.പി.എമ്മിന്റെയും ജില്ല പൊലീസ് മേധാവി എസ്. ശശിധരന്റെയും നിർദേശപ്രകാരം അരീക്കോട് എസ്.ഐ നവീൻ ഷാജിയുടെ നേതൃത്വത്തിൽ വാർഡ് അംഗം സത്യൻ, ഡോ. ഷരീഫ, കെ.എച്ച്. ഷരീഫ, സ്റ്റഫ് നഴ്സ് ഷബ്ന, ആശ വർക്കർ ഗീത, ടി.ഡി.ആർ.എഫ് വളന്റിയർ ക്യാപ്റ്റൻ ഷിജാദ് അരീക്കോട്, അൻവർ കീഴുപറമ്പ്, അബ്ദുസ്സലാം, ഉണ്ണി, ഷെരീഫ്, ദീപു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.