വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാനപ്രതി പിടിയിൽ
text_fieldsമലപ്പുറം: തിരുനാവായ സ്വദേശിയായ വ്യാപാരിയെ കോയമ്പത്തൂരിൽ വെച്ച് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈപ്പറ്റിയ കേസിൽ മുഖ്യപ്രതികളിലൊരാൾ അറസ്റ്റിൽ.
കല്ലക്കൻ വീട്ടിൽ മുഹമ്മദ് കോയ എന്ന ബോഡി കോയയെയാണ് കോഴിക്കോട് കൊമ്മേരിയിലെ വീട്ടിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. ഒരു വർഷത്തിലധികമായി തമിഴ്നാട്ടിലും കർണാടകയിലും വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിക്കുവേണ്ടി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 2018 ഒക്ടോബർ ആദ്യമാണ് സംഭവം. ബിസിനസ് ആവശ്യാർഥം കോയമ്പത്തൂരിൽ പോയ തിരുനാവായ പല്ലാർ പള്ളിയാലിൽ ഹംസയെണ് ഉക്കടത്ത് വെച്ച് കാറിൽ മറ്റൊരു വാഹനമിടിച്ച ശേഷം തട്ടിക്കൊണ്ടുപോയത്. തുടർന്ന് കുടുംബാംഗങ്ങളെ വിളിച്ച് മോചനദ്രവ്യമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. രാമനാട്ടുകരയിൽ വെച്ച് 10 ലക്ഷം കൈമാറിയെങ്കിലും പിന്നീട് 40 ലക്ഷം ആവശ്യപ്പെട്ടതോടെ ഹംസയുടെ സഹോദരൻ തിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വിവരമറിഞ്ഞ പ്രതികൾ വ്യാപാരിയെ അടുത്ത ദിവസം പാലക്കാട് കൊപ്പത്ത് ഇറക്കിവിട്ടു.
ഒന്നും മൂന്നും പ്രതികളായ ഷമീറിനെയും നൗഫലിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 2019ലാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത്. തുടർന്ന് രണ്ടാം പ്രതി നിസാറിനെ ഡൽഹി വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. നാലാം പ്രതി ബോഡി കോയ മുഖ്യ ആസൂത്രകരിലൊരാളാണെന്നും പ്രതിക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായും അന്വേഷണസംഘം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി കെ.വി. സന്തോഷ് കുമാറിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി പി. വിക്രമെൻറ നിർദേശപ്രകാരമാണ് അറസ്റ്റ്.
ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇൻസ്പെക്ടർ പി.എം. രവീന്ദ്രെൻറ നേതൃത്വത്തിൽ എസ്.ഐമാരായ അഷ്റഫ് കോയങ്ങോടൻ, അനസ് ബാബു, എ.എസ്.ഐ ഫിറോസ് ഖാൻ, എസ്.സി.പി.ഒ റീന, സി.പി.ഒമാരായ ഷൗക്കത്തലി, സഹീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.