എഫ്.സി ഹൈദരാബാദിന്റെ പിള്ളേരെ അരീക്കോട്ടുകാരൻ കളി പഠിപ്പിക്കും
text_fieldsഅരീക്കോട്: രാജ്യത്തെ പ്രധാന ഫുട്ബാൾ ക്ലബായ എഫ്.സി ഹൈദരാബാദിന്റെ താരങ്ങൾക്ക് ഇനി കാൽപന്തിന്റെ അടവും തടവും പറഞ്ഞുകൊടുക്കുക അരീക്കോട് സ്വദേശി ഷമീൽ ചെമ്പകത്ത്. തങ്ബോയ് സിങ്ടോയുടെ ഒഴിവിലേക്കാണ് ഷമീലിനെ പരിഗണിച്ചത്. 2020ൽ എഫ്.സി ഹൈദരാബാദിന്റെ റിസർവ് ടീമിന്റെ പരിശീലകനായാണ് ഷമീൽ ടീമിൽ എത്തുന്നത്. തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ചതോടെ 2022ൽ ടീമിന്റെ അസിസ്റ്റൻറ് കോച്ചായി. തുടർന്ന് കുറഞ്ഞ സമയം കൊണ്ടാണ് മിന്നും പ്രകടനം കാഴ്ചവെച്ച് ഷമീൽ ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്.
14ാം വയസ്സില്‍ മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂൾ ടീമിലൂടെയാണ് ഷമീലിന്റെ ഫുട്ബാൾ രംഗത്തേക്കുള്ള കടന്നുവരവ്. തുടർന്ന് സബ് ജൂനിയര്‍ സംസ്ഥാന ടീമിലും പിന്നീട് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ബൊക്കാറോ അക്കാദമിയിലുമെത്തി. സെന്റര്‍ ബാക്കായ ഷമീല്‍ വിവാ കേരള ടീമിനും വാസ്കോ ഗോവക്കുവേണ്ടിയും ബൂട്ടണിഞ്ഞു. 2007ല്‍ പ്രീ ഒളിമ്പിക് ദേശീയ ടീമംഗവുമായി.
എഫ്.സി ഹൈദരാബാദിന്റെ മുഖ്യ പരിശീലക സ്ഥാനത്തെത്തിയത് വളരെയധികം സന്തോഷമുള്ള കാര്യമാണെന്ന് ഷമീൽ ‘മാധ്യമ’ത്തോട് പറഞ്ഞു. വരും മത്സരങ്ങളിൽ ടീമിനെ മികച്ച രീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരേതനായ ചെമ്പകത്ത് അബ്ദുള്ള-എം.സി ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹനാസ് ബീഗം. മക്കൾ: ബര്‍സ ചെമ്പകത്ത്, സെയ്ഫ് മറിയം, സോ ദരീന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.