ഭിന്നശേഷിക്കാരെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്തയാൾ പിടിയിൽ
text_fieldsകാളിയങ്കരാജ്
പുതുനഗരം: ഭിന്നശേഷിക്കാരായ വിൽപനക്കാരെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തയാൾ പിടിയിൽ. തമിഴ്നാട് പൊള്ളാച്ചി ആനമല സ്വദേശി കാളിയങ്കരാജിനെയാണ് (53) കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം ഭിന്നശേഷിക്കാരനായ കൊടുവായൂർ ചെമ്പോത്ത്കുളമ്പ് മുരളീധരന്റെ (47) 74 ലോട്ടറി ടിക്കറ്റുകളാണ് പ്രതി തട്ടിയെടുത്തത്.
ടൗണിൽ സ്വകാര്യ ആശുപത്രിക്ക് സമീപം ലോട്ടറി വിൽപന നടത്തിവരവേ സ്കൂട്ടറിൽ എത്തിയ പ്രതി പരിശോധിക്കാനായി ലോട്ടറി ടിക്കറ്റുകൾ കൈയിൽ വാങ്ങുകയും തിരികെ പഴയ ടിക്കറ്റുകൾ നൽകി മുങ്ങുകയുമായിരുന്നു. 2960 രൂപയുടെ ലോട്ടറിയാണ് നഷ്ടമായതെന്ന് മുരളീധരൻ പറഞ്ഞു. വേലന്താവളത്ത് ലോട്ടറി വിൽപന നടത്തുന്ന കോഴിപ്പാറ ഗുരുസ്വാമിയുടെ 120 ടിക്കറ്റുകളാണ് കവർന്നത്. 4800 രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗുരുസ്വാമിയുടെ പരാതിയിലാണ് കൊഴിഞ്ഞാമ്പാറ പൊലീസ് ആനമല ഭാഗത്തുനിന്ന് കാളിയങ്കരാങ്കിനെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ഭിന്നശേഷിക്കാരുടെ ലോട്ടറി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
പൊള്ളാച്ചി മേഖലയിലും സമാനമായ രീതിയിൽ ഭിന്നശേഷിക്കാരുടെ ലോട്ടറികൾ ഇയാൾ കവർന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ തമിഴ്നാട് പൊലീസിന് വിവരം നൽകുമെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.