സി.എച്ച് സെൻററിന്റെ കാരുണ്യത്തിന് മുടക്കമില്ല
text_fieldsമഞ്ചേരി: കോവിഡ് പ്രതിസന്ധിക്കിടയിലും നന്മ വറ്റാതെ മഞ്ചേരി സി.എച്ച് സെൻറർ. റമദാനിൽ വർഷങ്ങളായി തുടരുന്ന ഇഫ്താറും അത്താഴവും ഇത്തവണയും മുടക്കമില്ലാതെ നടത്തുകയാണവർ. രണ്ട് പതിറ്റാണ്ടിലേറെയായി മഞ്ചേരി മുസ്ലിം ലീഗ് കമ്മിറ്റിയാണ് മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും നോമ്പുതുറ വിഭവങ്ങൾ ഒരുക്കുന്നത്. 15 വർഷമായി അത്താഴം നൽകുന്നത് സി.എച്ച് സെൻററും. നിയന്ത്രണങ്ങൾ പാലിച്ച് കുറഞ്ഞ വളൻറിയർമാരെ ഉപയോഗിച്ചാണ് ഭക്ഷണ വിതരണം. കോവിഡ് സാഹചര്യത്തിൽ പാക്ക് ചെയ്ത വിഭവങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. വൈകീട്ട് 5.30 മുതൽ നോമ്പുതുറ വിഭവങ്ങളും രാത്രി പത്ത് മുതൽ അത്താഴ ഭക്ഷണ വിതരണവും നടക്കും. ഇഫ്താറിനും അത്താഴത്തിനുമായി ആയിരത്തിലധികം ആളുകൾക്കാണ് ഭക്ഷണം എത്തിക്കുന്നത്. ആശുപത്രിയിലുള്ളവർക്ക് പുറമെ മഞ്ചേരിയിൽ എത്തുന്ന യാത്രക്കാരും ഈ കാരുണ്യ പ്രവൃത്തിയെ ആശ്രയിക്കുന്നു. പത്തിരി, പൊറോട്ട, വെള്ളപ്പം, നൂലപ്പം, ഇറച്ചിക്കറി, ബിരിയാണി എന്നിവയാണ് നോമ്പുതുറ വിഭവങ്ങൾ. അത്താഴത്തിന ചോറ്, മീൻകറി, ഇലക്കറികൾ, ഉപ്പേരി, മീൻ പൊരിച്ചത്, പഴം, കട്ടൻചായ എന്നിവയും നൽകും. പുല്ലൂർ, പട്ടർകുളം, തുറക്കൽ, താണിപ്പാറ, കിഴക്കേതല, മഞ്ചേരി ടൗൺ, മേലാക്കം, കാരക്കുന്ന് പ്രദേശങ്ങളിലെ ലീഗ് പ്രവർത്തകരാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നത്.
റമദാനിൽ ലഭിക്കുന്ന സുമനസ്സുകളുടെ സഹായം കൊണ്ടാണ് സി.എച്ച് സെൻറർ പ്രവർത്തിക്കുന്നത്. ദിനംപ്രതി 48 പേർക്ക് ഇവിടെ ഡയാലിസിസ് ചെയ്യുന്നുണ്ട്. കുറഞ്ഞ നിരക്കിൽ മരുന്ന് ലഭിക്കാൻ ഫാർമസിയും ലാബ് സൗകര്യവും ഉണ്ട്.
സി.എച്ച് സെൻറർ പ്രസിഡൻറ് അഡ്വ. യു.എ. ലത്തീഫ്, ജനറൽ സെക്രട്ടറി അഡ്വ. എം. ഉമ്മർ എം.എൽ.എ, കണ്ണിയൻ അബൂബക്കർ, നിർമാൺ മുഹമ്മദലി, വല്ലാഞ്ചിറ മജീദ്, കണ്ണിയൻ മുഹമ്മദലി, കെ.കെ.ബി. മുഹമ്മദലി, പനച്ചിക്കൽ മുഹമ്മദലി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.