ജില്ലയിലെ പാതിവില തട്ടിപ്പ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsമലപ്പുറം: പാതിവില തട്ടിപ്പിൽ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഏറ്റെടുത്ത പത്തോളം കേസുകളിലാണ് പ്രഥമിക അന്വേഷണം ആരംഭിച്ചത്. ക്രൈംബ്രാഞ്ചിന് കൈമാറി കിട്ടിയ കേസുകളുടെ പുതിയ എഫ്.ഐ.ആർ കോടതിയിൽ സമർപ്പിച്ചു. അന്വേഷണം ഏറ്റെടുത്ത റിപ്പോർട്ടും ഉടനെ കൈമാറും. വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ വ്യത്യസ്ത ഉദ്യോഗസ്ഥരുടെ കീഴിലാണ് അന്വേഷിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി പണം കൈപ്പറ്റിയ എൻ.ജി.ഒ സംഘങ്ങളുടെ ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.
പണം നൽകിയവരുടെ കൈവശമുള്ള രേഖകളും പൊലീസ് ശേഖരിക്കുന്നുണ്ട്. പെരിന്തൽമണ്ണയിലെയും നിലമ്പൂരിലെയും ആറ് കേസുകൾ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്. മറ്റു കേസുകൾ ക്രൈം ബ്രാഞ്ച് ഇകോണമിക് ഒഫൻസ് വിങും അന്വേഷിക്കും. പെരിന്തൽമണ്ണ സ്റ്റേഷനിലെ നജീബ് കാന്തപുരം എം.എൽ.എക്കെതിരെയുള്ള കേസിൽ പരാതി പിൻവലിച്ചതിനാൽ ആ കേസിൽ അന്വേഷണം തുടങ്ങിയിട്ടില്ല. ഈ കേസിൽ ഇനി കോടതി നിർദേശ പ്രകാരമാകും തുടർനടപടി. ജില്ലയിലെ ബാക്കിയുള്ള കേസുകൾകൂടി ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള നപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ക്രൈം ബ്രാഞ്ചിൽ മതിയായ ഇദ്യോഗസ്ഥരില്ലാത്ത സാഹചര്യത്തിൽ ലോക്കൽ സ്റ്റേഷനുകളിൽ നിന്നും മറ്റു വിങ്ങുകളിൽ നിന്നും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണം നടത്താനാണ് നിർദേശം.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി മാർച്ച് നാല് വരെയുള്ള കണക്കുകൾ പ്രകാരം 42 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഭൂരിഭാഗം സ്റ്റേഷനിലും നൂറോളം പരാതിക്കാരുണ്ട്. ഇനിയും പരാതിക്കാർ വരാൻ സാധ്യതയുള്ളതിനാൽ നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളിലേക്ക് ഉൾപ്പെടുത്താനാണ് തീരുമാനം. ഒരേ വ്യക്തിക്കോ സ്ഥാപനത്തിനോ എതിരെയുള്ള പരാതികൾ ഒരുമിച്ച് രേഖപ്പെടുത്തി ഒറ്റ കേസായാണ് രജിസ്റ്റർ ചെയ്യുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14814 പരാതികളാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്തൊട്ടാകെ 48523 പേരിൽ നിന്നും പാതിവിലക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം ചെയ്ത 17087 പേർക്ക് മാത്രമാണ് വാഹനം നൽകിയത്. ലാപ്ടോപ്പിന് പണം വാങ്ങിയ 36891 പേരിൽ 29897 പേർക്കും തയ്യൽ മെഷീന് പണം നൽകിയ 56082 പേരിൽ 53478 പേർക്കും മാത്രമേ നൽകിയിട്ടുള്ളു. ഏകേദേശം 230കോടിയുടെ തട്ടിപ്പാണ് നടന്നതെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ അഞ്ച് പേരെയാണ് കേസുമായി അറസ്റ്റ് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.