രാജ്യറാണി റദ്ദാക്കുന്നതോടെ നിലമ്പൂർ പാത നിശ്ചലമാകും
text_fieldsനിലമ്പൂർ: ശനിയാഴ്ച മുതൽ രാജ്യറാണി എക്സ്പ്രസും റദ്ദാക്കുന്നതോടെ നിലമ്പൂർ-ഷൊർണൂർ പാത നിശ്ചലമാകും. കോവിഡ് മഹാമാരിയും ലോക്ഡൗണും കാരണം യാത്രക്കാരുടെ തിരക്ക് കുറഞ്ഞതിനാലാണ് രാജ്യറാണി എക്സ്പ്രസ് റദ്ദാക്കുന്നത്. സർവിസ് തുടർന്നിരുന്ന നാല് ജോഡി എക്സ്പ്രസ് ട്രെയിനുകളാണ് താല്‍ക്കാലികമായി രണ്ടാഴ്ചത്തേക്ക് റദ്ദാക്കിയത്. മേയ് 15 മുതൽ 30 വരെയാണ് റദ്ദാക്കൽ. ഇതിൽ നിലമ്പൂർ പാതയിലെ ഏക ട്രെയിൻ സർവിസായ രാജ്യറാണിയും ഉൾപ്പെടും. രാജ്യറാണി എക്സ്പ്രസ് ഉള്‍പ്പെടെ നേരേത്ത ഏഴ് ജോഡി വണ്ടികളാണ് നിലമ്പൂരില്‍നിന്ന് വിവിധ ഭാഗങ്ങളിലേക്ക് ഓടിയിരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലമ്പൂർ പാതയിലെ എല്ലാ വണ്ടികളും 2020 മാർച്ച് 23ന് നിർത്തിവെച്ചു.
ജില്ലയുടെ മുറവിളിയെ തുടർന്ന് ഒരുവർഷത്തിന് ശേഷം ഡിസംബർ ഒമ്പതിനാണ് തിരുവനന്തപുരം കൊച്ചുവേളി എക്സ്പ്രസ് സർവിസ് പുനരാരംഭിച്ചത്. എക്സ്പ്രസ് വണ്ടികള്‍ മാത്രം സ്പെഷല്‍ വണ്ടികളായി ഓടിക്കാം എന്ന തീരുമാനത്തിെൻറ ഭാഗമായാണ് സർവിസ് പുനരാരംഭിച്ചത്. എന്നാല്‍, പകല്‍ ഒറ്റ വണ്ടിപോലും നിലമ്പൂരില്‍നിന്ന് ഒരു ഭാഗത്തേക്കുമില്ലാത്തത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഈ ആവശ്യത്തിനുള്ള മുറവിളി ഉയരുന്ന സാഹചര്യത്തിലാണ് പാതയിലെ ഏക സർവിസും ശനിയാഴ്ച മുതൽ നിർത്തലാക്കുന്നത്.
രാത്രി 8.50ന് തിരുവനന്തപുരത്തുനിന്ന് നിലമ്പൂരിലേക്ക് പുറപ്പെട്ട് ശനിയാഴ്ച രാവിലെ 5.15ന് നിലമ്പൂരിലെത്തുന്ന രാജ്യറാണി രാത്രി 9.30ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടെങ്കിലും രണ്ടാഴ്ചത്തേക്ക് ഇനി മടക്കമുണ്ടാവില്ല. ഏഴ് സ്ലീപ്പർ കോച്ചുകളും രണ്ട് ഏ.സി കോച്ചുകളും നാല് സെക്കൻഡ് ക്ലാസ് കോച്ചുകളും ഉൾപ്പടെ 13 കോച്ചുകളുമായാണ് രാജ്യറാണി സർവിസ് പുനരാരംഭിച്ചത്. യാത്രക്കാരുടെ എണ്ണത്തിലെ കുറവുകാരണം ഏപ്രിൽ 15 മുതൽ രണ്ട് കോച്ചുകൾ വെട്ടിച്ചുരുക്കി. കോവിഡ് വ്യാപനം രൂക്ഷമായതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
60ൽ താഴെയാണ് നിലവിലെ യാത്രക്കാരുടെ എണ്ണമെന്ന് റെയിൽവേ അധികൃതർ പറയുന്നു. കോവിഡ് മൂലം തിരുവനന്തപുരം ആർ.ആർ.സിയിൽ രോഗികളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതും പാതയിലെ യാത്രക്കാരുടെ എണ്ണം കുറയുന്നതിന് ഇടയാക്കി.
നേരേത്ത നിലമ്പൂരിൽനിന്ന് നാല് പാസഞ്ചര്‍ വണ്ടികളാണ് ഷൊര്‍ണൂരില്‍ നിന്നുള്ള മറ്റു വണ്ടികള്‍ക്ക് കണക്ഷന് നല്‍കിയിരുന്നത്. കോട്ടയത്തേക്കും പാലക്കാട്ടേക്കും ഓരോ വണ്ടികളും ഓടിയിരുന്നു. ഇതൊന്നും കോവിഡിന് ശേഷം പുനഃസ്ഥാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.