മലപ്പുറത്തെ ഏക അമ്മത്തൊട്ടിൽ പ്രവർത്തനരഹിതം
text_fieldsമലപ്പുറം: മഞ്ചേരിയിലെ മെഡിക്കൽ കോളജ് കെട്ടിടത്തിലെ 'അമ്മത്തൊട്ടിൽ' പ്രവർത്തനരഹിതമായിട്ട് വർഷങ്ങളായെങ്കിലും അറ്റകുറ്റപ്പണി നടത്താൻ നടപടിയില്ല. രണ്ടു ദിവസം പ്രായമായ കുഞ്ഞിനെ കഴിഞ്ഞ മാസം മലപ്പുറം മൈലപ്പുറത്തെ ശിശുപരിപാലന കേന്ദ്രത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഏപ്രിൽ ഏഴിന് രാത്രി എട്ടോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇപ്പോൾ കുഞ്ഞ് വനിത ശിശു വികസന വകുപ്പിന് കീഴിലെ പരിപാലന കേന്ദ്രത്തിലാണ്. മഞ്ചേരി മെഡിക്കൽ കോളജ് കാഷ്വാലിറ്റിക്ക് മുന്നിലാണ് 'അമ്മത്തൊട്ടിൽ'. സാങ്കേതിക തകരാർ സംഭവിച്ചതിനാൽ പരിഹരിക്കുന്നതുവരെ അടച്ചിടുന്നു എന്ന ബോർഡ് ഇതിന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. അനാഥരായവർ (ഓർഫൻ), ഉപേക്ഷിക്കപ്പെട്ടവർ (അബാൻഡന്‍റ്), ഏൽപിക്കപ്പെട്ടവർ (സറണ്ടർ) എന്നീ വിഭാഗങ്ങളിലായാണ് കുട്ടികൾ ശിശു സംരക്ഷണ കേന്ദ്രങ്ങളിലെത്തുന്നത്.
കുഞ്ഞുങ്ങളെ തോട്ടിലും പുഴകളിലും മറ്റും ഉപേക്ഷിക്കുന്നത് ഒഴിവാക്കാനാണ് 'അമ്മത്തൊട്ടിൽ' പദ്ധതി ആരംഭിച്ചത്. വളർത്താൻ പറ്റാത്ത സാഹചര്യത്തിലാണ് കുഞ്ഞിനെ അധികൃതരെ ഏൽപിക്കുന്നത്. 60 ദിവസത്തിനുള്ളിൽ തിരിച്ചെടുക്കാൻ രക്ഷിതാക്കൾക്ക് അവകാശമുണ്ട്. കുഞ്ഞിനെ 'അമ്മത്തൊട്ടിലി'ൽ ഉപേക്ഷിക്കുന്നവർക്കെതിരെ കേസ് എടുക്കില്ല. അമ്മത്തൊട്ടിലിെൻറ സംരക്ഷണ ചുമതല കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ എന്ന സർക്കാർ ഇതര സംഘടനക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.