തൂണുകൾ തുരുമ്പെടുത്തു; മുനമ്പത്ത് കടവ് നടപ്പാലം തകർച്ചയുടെ വക്കിൽ
text_fieldsചേലേമ്പ്ര: ചേലേമ്പ്ര പഞ്ചായത്തിനെയും ഫറോക്ക് നഗരസഭയെയും ബന്ധിപ്പിക്കുന്ന മുനമ്പത്ത് കടവ് പാലം തകർച്ചയുടെ വക്കിൽ.1994ൽ നിർമിച്ച പാലത്തിന്റെ തൂണുകൾ തുരുമ്പെടുത്ത് ഒരുഭാഗം ചെരിഞ്ഞതിനാൽ കാൽനടയാത്ര ഭീതിയിലാണ്. പാലത്തിന്റെ ഇരുമ്പ് ഗർഡറുകൾ പൊട്ടി വേർപെട്ട നിലയിലാണ്.
ഇവിടെ പുതിയ പാലം നിർമിക്കാനുള്ള നടപടികൾ നീളുകയാണെന്ന പരാതിക്കിടെ പൊതുമരാമത്ത് പാലം വിഭാഗം മഞ്ചേരി സബ് ഡിവിഷൻ അസി. എൻജിനീയർ വിനോദ് ചാലിലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കും. പാലത്തിന്റെ കരട് രൂപകൽപന തയാറായതാണ്. പി. അബ്ദുൽ ഹമീദ് എം.എൽ.എ ഇക്കാര്യത്തിൽ നിരന്തര ഇടപെടൽ നടത്തിയിരുന്നു.
കാൽനട യാത്രക്ക് ഉപയോഗിക്കുന്ന പാലത്തിലെ മരപ്പലകകൾ പലതും നശിച്ചു. കൈവരിയുടെ ഒരു ഭാഗം തുരുമ്പെടുത്ത് നാശത്തിന്റെ വക്കിലാണ്. ഗർഡറുകൾ ദ്രവിച്ചു. ബലക്ഷയം നേരിട്ട പാലത്തിൽ രണ്ട് പേർ ഒന്നിച്ചുനടന്നാൽ ആടിയുലയുന്ന സ്ഥിതിയാണ്.
1994ൽ നാട്ടുകാർ പുഴയിൽ തെങ്ങ് കുറ്റികൾ നാട്ടി നിർമിച്ച നടപ്പാലമായിരുന്നു ഇവിടെ. പിന്നീട് ഗ്രാമപഞ്ചായത്തിന്റെ സഹായത്താൽ ഇരുമ്പ് പാലമാക്കി. ഉപ്പ് വെള്ളം തട്ടി ദ്രവിക്കുന്നതിനാൽ നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയാണ് പാലത്തിലൂടെ യാത്ര തുടർന്നിരുന്നത്. ചേലേമ്പ്രയിലെ അയ്യപ്പൻകാവ്, കുഴിമ്പിൽ, പാറയിൽ, പെരുന്ന്തൊടി, ചാലിപ്പറമ്പ് എന്നിവിടങ്ങളിലുള്ളവർ പെരുമുഖം, രാമനാട്ടുകര, ഫറോക്ക് ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താൻ ആശ്രയിക്കുന്നതാണ് ഈ പാലം. ഏഴര കോടി രൂപയാണ് പുതിയ പാലത്തിന് ചെലവ് കണക്കാക്കുന്നത്.
അപ്രോച്ച് റോഡിനുള്ള സ്ഥലം ഇരുകരയിലും വിട്ട് കിട്ടിയതാണ്. ഡി.പി.ആർ തയാറാക്കി സമർപ്പിച്ച് ഭരണാനുമതി ലഭിച്ചാൽ മാത്രമേ നിർമാണനടപടികളുമായി മുന്നോട്ടുപോകാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.