സ്വകാര്യ ബസ് പണിമുടക്കിൽ രണ്ടാം ദിനവും വലഞ്ഞ് പൊതുജനം
text_fieldsമലപ്പുറം: സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടരുമ്പോൾ ദുരിതത്തിലായി പൊതുജനം. സ്വകാര്യബസുകളെ കൂടുതലായി ആശ്രയിക്കുന്ന ജില്ലയിൽ പണിമുടക്ക് നീളുന്നത് സ്ഥിരംയാത്രികർക്ക് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. മലയോര പ്രദേശങ്ങളിലും തീരമേഖലയിലും ഗ്രാമപ്രദേശത്തുമെല്ലാം ഗതാഗത പ്രശ്നം രൂക്ഷമാണ്.
യാത്ര പ്രയാസം മറികടക്കാൻ കെ.എസ്.ആർ.ടി.സി അധിക ട്രിപ്പുകൾ ഏർപ്പെടുത്തുന്നുണ്ടെങ്കിലും പ്രതിസന്ധി മറികടക്കാൻ സഹായകരമാകുന്നില്ല. ബസുകൾ പണിമുടക്കിയതോടെ വീണ്ടും നിരവധി പേർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. ഇത് ഗതാഗത തിരക്ക് ഏറാനും ഇടയാക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം കോഴിക്കോട് ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ കുറഞ്ഞതായി കൊണ്ടോട്ടിക്കും മലപ്പുറത്തിനും ഇടയിലുള്ള യാത്രക്കാർ ചൂണ്ടിക്കാട്ടി. അധികൃതരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരം പലർക്കും ലഭിച്ചില്ല. ഈ സമയങ്ങളിൽ പാലക്കാട്ടുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് നിരവധി വാഹനങ്ങൾ കടന്നുപോയതായും യാത്രക്കാർ സൂചിപ്പിച്ചു.
മഞ്ചേരി: പരീക്ഷക്കാലമായതിനാൽ വിദ്യാർഥികൾ സ്കൂളുകളിലെത്താൻ പ്രയാസപ്പെട്ടു. വഴിക്കടവ്, കോഴിക്കോട് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ കനത്ത തിരക്ക് അനുഭവപ്പെട്ടു. വിദ്യാർഥികൾ സംഘങ്ങളായി തിരിഞ്ഞ് നാട്ടിലേക്ക് ഓട്ടോ വിളിച്ചു. ചില വിദ്യാർഥികളെ രക്ഷിതാക്കളെത്തി കൂട്ടിക്കൊണ്ടുപോയി. എളങ്കൂർ, പന്തല്ലൂർ, പുൽപറ്റ, ആമയൂർ തുടങ്ങി ഉൾപ്രദേശങ്ങളിലേക്ക് എത്താൻ യാത്രക്കാർ പ്രയാസപ്പെട്ടു. സർക്കാർ സ്ഥാപനങ്ങളിലെ ഹാജർ നില സാധാരണ നിലയിലായിരുന്നു.
പെരിന്തൽമണ്ണ: സ്വകാര്യ ബസ് പണിമുടക്കിലും പെരിന്തൽമണ്ണയിലെ തിരക്കിന് ഒരു കുറവുമില്ല. പ്രമുഖ സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്ന നഗരത്തിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ചു. വസ്ത്രശാലകളിലും ആശുപത്രി, ഓഫിസ് തുടങ്ങിയ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകൾ ജോലിക്കെത്താനാവാതെ കഷ്ടപ്പെടുന്നുണ്ട്.
ഗതാഗതക്രമീകരണവും റോഡ് പണി കാരണവും പൊറുതിമുട്ടിയ വ്യാപാരികൾക്ക് ബസ് ഗതാഗതം നിന്നതോടെ ഇരട്ടി ദുരിതമാണ്. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുടക്കമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
പൊന്നാനി: തീരദേശ മേഖലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ നാമമാത്രമുള്ള റൂട്ടുകളിൽ ജനം വലഞ്ഞു. പരീക്ഷ സമയമായതിനാൽ വിദ്യാർഥികൾ കിലോമീറ്ററുകളോളം നടന്നാണ് സ്കൂളുകളിൽ എത്തിയത്. പലരും പരീക്ഷ കഴിഞ്ഞും മണിക്കൂറുകളോളമാണ് വാഹനത്തിനായി കാത്തുനിന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.