മഴ തുണയായി; മലപ്പുറത്ത് ജലവിതരണം സാധാരണ നിലയിലേക്ക്
text_fieldsമലപ്പുറം: കനത്ത മഴയിൽ കടലുണ്ടിപുഴയിൽ ജലനിരപ്പ് ഉയർന്നതോടെ ജലവകുപ്പിന്റെ കുടിവെള്ള വിതരണം സാധാരണ നിലയിലേക്ക് തിരിച്ചുവന്നു. ഞായറാഴ്ച രാവിലെ മുതൽ തന്നെ പമ്പിങ് പൂർണതോതിൽ ജലവകുപ്പ് പുനരാരംഭിച്ചെന്ന് അധികൃതർ അറിയിച്ചു. മഴ കനിഞ്ഞതോടെ ഒന്നര മാസത്തോളം നീണ്ട ജലക്ഷാമത്തിന് പരിഹാരമായി. വേനൽ കടുത്തതോടെ ഏപ്രിൽ മാസത്തോടയാണ് നഗരത്തിൽ ജലവിതരണത്തിന് അധികൃതർ നിയന്ത്രണമേർപ്പെടുത്തി തുടങ്ങിയത്. മേൽമുറി, മലപ്പുറം വില്ലേജുകളിൽ വിതരണവും ക്രമീകരിച്ചു.
പുഴയിലെ ജലലഭ്യത ഏറെ താഴെ എത്തിയതോടെ പന്തല്ലൂർ പുഴങ്കാവിൽ നിന്നും വെള്ളമെത്തിച്ചും താത്കാലികമായി വിതരണം മുന്നോട്ട് കൊണ്ട് പോയിരുന്നത്. തുടർന്ന് ഇതും നിലക്കുന്ന സാഹചര്യമായി. നഗരത്തിലെ വിവിധ വാർഡുകളിൽ 12 ദിവസത്തോളം തുടർച്ചയായി വെള്ളം കിട്ടാത്ത സ്ഥിതിയും സൃഷ്ടിച്ചു.
തുടർന്ന് പുഴയിലെ വിവിധ കുഴികൾ കണ്ടെത്തി 20 എച്ച്.പി മോട്ടോർ വഴി പമ്പിങ് സ്റ്റേഷനിലെ കിണറിലേക്ക് രണ്ട് മണിക്കൂർ ഇടവിട്ട് ജലമെത്തിക്കുകയായിരുന്നു. പിന്നീട് പമ്പിങ് സ്റ്റേഷനിൽ നിന്ന് 70 എച്ച്.പി മോട്ടോറിൽ കോട്ടക്കുന്നിലെ ടാങ്കിലേക്കും എത്തിക്കും. ഇങ്ങനെ ഏകദേശം നാല് ദിവസം പമ്പ് ചെയ്ത് കോട്ടക്കുന്നിലെ ടാങ്ക് നിറഞ്ഞതിന് ശേഷമാണ് നഗരത്തിന്റെ ഓരോ ഭാഗങ്ങളിലേക്കും ജലവിതരണം നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.