ഉരുൾപൊട്ടൽ ഭീഷണി: ചീനിക്കപ്പാറ കോളനിയിലെ ആദിവാസികളെ മാറ്റിപാർപ്പിച്ചു
text_fieldsവെട്ടത്തൂർ: മഴ ശക്തമായ സാഹചര്യത്തിൽ വെട്ടത്തൂർ പഞ്ചായത്തിലെ മണ്ണാർമല ചീനിക്കപ്പാറ കോളനിയിൽ താമസിക്കുന്ന ആദിവാസികളെ മാറ്റി പാർപ്പിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാലാണ് ആറ് പേരെ മണ്ണാർമല പി.ടി.എം എ.യു.പി സ്കൂൾ ക്യാമ്പിലേക്ക് മാറ്റിത്താമസിപ്പിച്ചത്.
നിലവിൽ എട്ട് പേരാണ് കോളനിയിലുള്ളത്. ലക്ഷ്മി എന്ന സ്ത്രീയും ഭർത്താവും ഇവരുടെ 13 ദിവസം പ്രായമായ കുഞ്ഞും മലമുകളിൽ തന്നെ കഴിയുകയാണ്.
നിലവിലെ അപകടസാധ്യത അവരെ പറഞ്ഞുമനസ്സിലാക്കി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും വരാൻ കൂട്ടാക്കിയില്ല. ഈ വിവരം വില്ലേജ് ഓഫിസർ മുഖേന തഹസിൽദാറെ അറിയിച്ചു.
കഴിഞ്ഞ വർഷക്കാലങ്ങളിൽ മണ്ണാർമലയുടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടിയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എം. മുസ്തഫ, വാർഡ് അംഗങ്ങളായ ഹൈദർ തോരപ്പ, കെ. ജലീൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ടി. ഷിയാസ്, ആർ.ആർ.ടി അംഗങ്ങളായ നിഷാദ് കോഴിശ്ശീരി, ആഷിഖ് ഏറാടൻ, ഷഫീഖ് തോരപ്പ, റിയൽസ്റ്റാർ ക്ലബ് ഭാരവാഹികളായ ഷിഹാബ്, ഉമ്മർ, യൂനുസ്, അജ്മൽ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.