മലയോരത്തിന് മുതൽക്കൂട്ടായി മൂന്ന് പാതകളൊരുങ്ങുന്നു
text_fieldsപൂക്കോട്ടുംപാടം: മലയോര ഗ്രാമങ്ങളുടെ ഗതാഗത സൗകര്യത്തിന് മാറ്റുകൂട്ടി മലയോര പാതകളുടെ നിർമാണ പ്രവൃത്തികൾ പുരോഗമന പാതയിൽ. മൂത്തേടം, കരുളായി അമരമ്പ ലം, ചോക്കാട്, കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലൂടെയാണ് പാതകൾ കടന്നുപോകുന്നത്. കാറ്റാടിപ്പാലം-പൂക്കോട്ടുംപാടം, മൈലാടി-പൂക്കോട്ടുംപാടം, പൂക്കോട്ടുംപാടം-കാളികാവ് തുടങ്ങിയ മൂന്ന് മലയോര പാതകളുടെ നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. പൂക്കോട്ടുംപാടം അങ്ങാടിയിലാണ് ഈ പാതകളെല്ലാം സംഗമിക്കുന്നത്.
കിഫ്ബിയും കേരള റോഡ് ഫണ്ട് ബോർഡുമാണ് റോഡുകൾക്ക് ആവശ്യമായ തുക അനുവദിച്ചത്. മാർച്ച് 2020ൽ ആരംഭിച്ച എടക്കര-കാറ്റാടിപ്പാലം - പൂക്കോട്ടുംപാടം റീച്ച് റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചു. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ കാരണമാണ് റോഡ് പ്രവൃത്തി പൂർത്തീകരിക്കാൻ കാലതാമസം നേരിട്ടത്. 64.30 കോടി രൂപ സാങ്കേതിക അനുമതി പ്രകാരം ഊരാളുങ്ങൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയാണ് കാറ്റാടിപ്പാലം-പൂക്കോട്ടുംപാടം റീച്ച് റോഡിന്റെ നിർമാണം പൂർത്തിയാക്കിയത്.
15 കിലോമീറ്റർ നീള മുള്ള റോഡിന് 12 മീറ്ററാണ് വീതി. കൂടാതെ 21കലുങ്കുകൾ പുതുതായി നിർമിക്കുകയും ആറെണ്ണം വലുതാക്കുകയും ചെയ്തു. അനുബന്ധമായി അഴുക്കുച്ചാൽ, സുരക്ഷ മതിലുകൾ എന്നിവയുടെ നിർമാണവും പൂർത്തീകരിച്ചു. 1000 മീറ്റർ ദൂരത്തിൽ സ്റ്റീൽ ക്രാഷ് ബാരിയറുകൾ, 1500 സ്റ്റീൽ സുരക്ഷ ഭീമുകൾ, ദിശാ ബോർഡുകൾ, ട്രാഫിക് സുരക്ഷ ബോർഡുകൾ എന്നിവ സ്ഥാപിച്ച് ഉദ്ഘാടനത്തി ന് തയാറായി കഴിഞ്ഞു.
മൈലാടി-പൂക്കോട്ടുംപാടം മലയോര പാതയുടെ പ്രവർത്തനം നിർമാണ ഘട്ടത്തിലാണ്. കെ.വി. ജോസഫ് ആൻഡ് സൺസ് കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണം ഏറ്റെടുത്തത്. മുക്കട്ട മുതൽ പൂക്കോട്ടുംപാടം വരെയുള്ള ഒമ്പതു കിലോമീറ്റർ ദൂരത്ത് 12 മീറ്റർ വീതിയാണുള്ളത്. 25 കലുങ്കുകളുടെ നിർമാണവും സംരക്ഷണ ഭിത്തിയുടെയും പ്രവൃത്തി പുരോഗമിക്കുകയാണ്.
പൂക്കോട്ടുംപാടം-കാളികാവ് റീച്ച് 12.31 കിലോമീറ്റർ ദൂരത്തിലുള്ള പാതയുടെ നിർമാണപ്രവൃത്തിക്ക് 75 കോടി രൂപക്കാണ് സാങ്കേതിക അനുമതി ലഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. റോഡിൽ 46 കലുങ്കുകളും കല്ലാമൂലയിൽ മറ്റൊരു പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയപാലവും നിർമിക്കും. 18 മാസത്തിനുള്ളിൽ ഇരുപാത കളുടെയും പ്രവർത്തനവും പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പാതകളുടെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ മലയോര മേഖലയിലെ യാത്രാസൗകര്യത്തിന് ശാശ്വത പരിഹാരമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.