കേസുണ്ട്; ലോക്കപ്പില്ല; കരിപ്പൂർ പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം പോലുമില്ല
text_fieldsകൊണ്ടോട്ടി: കരിപ്പൂരിലെ ജനകീയ പൊലീസിന് വാടക കെട്ടിടത്തിലെ അസൗകര്യങ്ങളില്‍നിന്ന് മോചനമില്ല. ലോക്കപ് സൗകര്യം പോലുമില്ലാതെ കുമ്മിണിപ്പറമ്പിലെ ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തനം. കരിപ്പൂര്‍ വിമാനത്താവളമുള്‍പ്പെടെ പരിധിയില്‍ വരുന്ന സ്റ്റേഷനാണിത്. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന്, ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധപ്പെട്ടതുമായ പല പ്രമാദമായ കേസുകളിലും പ്രതികളെ പിടികൂടിയാല്‍ ലോക്കപ്പില്ലാത്തതിനാല്‍ സ്റ്റേഷനിൽ ഇരുത്തുകയാണിപ്പോള്‍. ഇത് സുരക്ഷാവെല്ലുവിളിയും സൃഷ്ടിക്കുന്നു.
2009 ഫെബ്രുവരി 10ന് േകാടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരിക്കെയാണ് കരിപ്പൂര്‍ സ്റ്റേഷന് നിലവില്‍ വരുന്നത്. സൗകര്യപ്രദമായ കെട്ടിടം ഒരുക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും വര്‍ഷം 13 പിന്നിട്ടിട്ടും നടപടിയില്ല. പരാതിക്കാര്‍ക്ക് ജനമൈത്രി പൊലീസിന്റെ സേവനം ലഭിക്കാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചുവേണം കുമ്മിണിപ്പറമ്പിലെത്താന്. ഈ മേഖലയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ കുറവാണ്.
ഇടമില്ലാത്തതിനാല്‍ വിവിധ കേസുകളില്‍ പിടികൂടുന്ന വാഹനങ്ങള്‍ കുമ്മിണിപ്പറമ്പിലെ ഇടുങ്ങിയ റോഡിന്റെ വശങ്ങളിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് 20 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ മുമ്പ് തീരുമാനിച്ചെങ്കിലും നടപടിയായില്ല.
റവന്യൂ വകുപ്പ് അനാസ്ഥ -എം.എല്‍.എ
കൊണ്ടോട്ടി: കരിപ്പൂര്‍ പൊലീസ് സ്റ്റേഷന് കെട്ടിടമൊരുക്കാന്‍ സ്ഥലം കണ്ടെത്തുന്നത് വൈകാന്‍ പ്രധാനകാരണം റവന്യൂ വകുപ്പിന്റെ മെല്ലെപ്പോക്ക് നയമെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ. പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ വലിയ തോതില്‍ മിച്ചഭൂമിയുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്വകാര്യവ്യക്തികള്‍ കൈയേറുകയും വീട് നിര്‍മാണത്തിനു പകരം വ്യാവസായിക ആവശ്യത്തിനും മറ്റും ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്.
കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് സ്റ്റേഷനായി സ്ഥലം അനുവദിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടതാണ്. ജനോപകാരപ്രദമായ ഭാഗത്ത് സ്ഥലം കണ്ടെത്തി കെട്ടിടം ഒരുക്കാനുള്ള ശ്രമം തുടരുകയാണെന്നും എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.