ജലാശയ നവീകരണം വാക്കിലൊതുങ്ങി വലിയ തോടിന് ശാപമോക്ഷമില്ല
text_fieldsകൊണ്ടോട്ടി: ഇത്തവണത്തെ കാലവര്‍ഷത്തിലും അനിവാര്യമായ ശുചീകരണം നടക്കാത്ത വലിയതോട് കൊണ്ടോട്ടി മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണിയും ആരോഗ്യ പ്രതിസന്ധിയും തീർത്തേക്കും. കാലവര്‍ഷത്തിനുമുമ്പ് പൊതു ജലാശയത്തിലെ മാലിന്യം നീക്കം ചെയ്യുമെന്നും നവീകരണ, സൗന്ദര്യവത്കരണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നുമുള്ള അധികൃതരുടെ പ്രഖ്യാപനം ജലരേഖയായി. വേനലില്‍ നീരൊഴുക്ക് നിലച്ചതോടെ ജൈവ, രാസ മാലിന്യങ്ങള്‍ ജലാശയത്തിലുടനീളം കെട്ടിക്കിടക്കുന്നതിനിടെയാണ് കാലവര്‍ഷമെത്തിയത്. മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന മണ്ണും നീക്കം ചെയ്യാന്‍ കാലോചിത പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായതോടെ ജലാശയത്തില്‍ വെള്ളം വര്‍ധിക്കുന്നത് സമീപത്ത് താമസിക്കുന്നവരേയും വ്യാപാര സ്ഥാപനങ്ങളേയും ഗുരുതരമായി ബാധിക്കും. മുന്‍ വര്ഷങ്ങളിലെന്നപോലെ തോട് കരകവിയാനുള്ള സാധ്യതയും നിലവിലുണ്ട്.
നഗരസഭ ജലാശയ നവീകരണത്തിന് 10 ലക്ഷം രൂപ വകയിരുത്തി കൊടിമരം ഭാഗം മുതല്‍ ദയ നഗര്‍ വരെ തോട്ടിലെ മാലിന്യവും മണ്ണും നീക്കം ചെയ്തെങ്കിലും പ്രവൃത്തികള്‍ പൊതു പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് മണ്ണും മാലിന്യങ്ങളും സംഭരിക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വലിയ തോട്ടില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ ശുചീകരണ തൊഴിലാളികളെ നിയോഗിക്കുകയാണ് നഗരസഭ ചെയ്തത്. ജലാശയം പുനരുദ്ധരിക്കാനും കൈയേറ്റമൊഴിപ്പിച്ച് നവീകരണ പ്രവൃത്തികള്‍ കാര്യക്ഷമമാക്കാനും കേന്ദ്രാവിഷ്കൃത പദ്ധതിയായ ജനസഞ്ചയം നിലവിലുണ്ടായിരിക്കെയാണ് ഈ അനാസ്ഥ.
തോടിന്റെ ആഴം കൂട്ടി നഗര പ്രദേശം സൗന്ദര്യവത്കരിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ സഹകരണത്തോടെയാണ് നഗര സഞ്ചയം പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. നാല് കോടി രൂപയുടെ പദ്ധതിയില്‍ പാര്‍ശ്വ ഭിത്തി കെട്ടി ഇരുകരകളിലും ടൈല്‍ വിരിച്ച നടപ്പാതയും ഇരിപ്പിടങ്ങളും ഒരുക്കുന്ന ബൃഹത് പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചിട്ടുണ്ട്. തുടര്‍ന്നാണ് മണ്ണെടുപ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഉടന്‍ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ പറയുന്നെങ്കിലും ഈ കാലവര്‍ഷത്തിലും മാലിന്യം നിറഞ്ഞൊഴുകുന്ന ഗതികേടിലാണ് വലിയ തോട്. നീണ്ടു പോകുന്ന പദ്ധതിക്കായി കാത്തുനില്‍ക്കാതെ മാലിന്യം നീക്കി ജലാശയം ശുദ്ധീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ ജലാശയത്തിലേക്ക് മാലിന്യം തള്ളുന്നത് തടയാന്‍ നിലവില്‍ കാര്യക്ഷമമായ ഇടപെടലുകളുണ്ടായിട്ടില്ല. നേരത്തെ തോട് കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ കക്കൂസ് മാലിന്യങ്ങള്‍ വരെ പൈപ്പുകള്‍ വഴി തോട്ടിലേക്ക് തള്ളിയത് കണ്ടെത്തിയിരുന്നു. അത്തരത്തിലുള്ള പരിശോധനകളും നടക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.