വെള്ളവും വഴിയുമില്ല; ചെങ്ങറ ആദിവാസി കോളനിയിൽ തീരാദുരിതം
text_fieldsഎടയൂർ ഗ്രാമ പഞ്ചായത്തിലെ ചുള്ളിച്ചോല ചെങ്ങറ ആദിവാസി കോളനിയിലേക്കുള്ള വഴി.
ഇതു വഴിയാണ് റോഡ് നിർമിക്കേണ്ടത്
എടയൂർ: റോഡും വെള്ളവുമില്ലാതെ ചെങ്ങറ ആദിവാസി കോളനി നിവാസികൾ ദുരിതത്തിൽ. എടയൂർ ഗ്രാമ പഞ്ചായത്തിലെ ചുള്ളിച്ചോല ചെങ്ങറ ആദിവാസി കോളനിക്കാർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ ഗതാഗത സൗകര്യമോ, കുടിവെള്ളം സൗകര്യമോ ഇല്ല. ഇത് കാരണം ഇവിടെ ഭൂമി ലഭിച്ചവരിൽ പലരും കോളനിയിൽ താമസം തുടങ്ങിയിട്ടില്ല.
ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്തവർക്ക് 2010 ആഗസ്റ്റ് മൂന്നിന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് പട്ടയം വിതരണം ചെയ്തത്. ഒരു ഏക്കർ വീതം ഒമ്പത് പട്ടികവർഗ കുടുംബങ്ങൾക്കും 50 സെൻറ് വീതം രണ്ട് പട്ടികജാതി കുടുംബങ്ങൾക്കുമാണ് കൃഷി ചെയ്തു ജീവിക്കാനായി സർക്കാർ ഭൂമി പതിച്ചു പട്ടയം നൽകിയത്. പട്ടയം കൈപ്പറ്റിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ സ്ഥലം ലഭിച്ചവരിൽ എട്ട് കുടുംബങ്ങൾ കുടിൽ കെട്ടി താമസം തുടങ്ങിയെങ്കിലും അസൗകര്യം കാരണം നാല് കുടുംബങ്ങൾ ഒഴികെ മറ്റുള്ളവർ നാട്ടിലേക്ക് തിരിച്ചുപോയി. കോളനിയിലേക്കെത്താൻ റോഡോ, കുടിവെള്ള സൗകാര്യമോ ഇല്ലാത്തതിനാലാണ് ഇവിടെ താമസം ആരംഭിക്കാതിരിക്കുന്നത്.
ഐ.എ.വൈ പദ്ധതി പ്രകാരം നാല് കുടുംബങ്ങൾക്കും വീട് ലഭിച്ചിട്ടുണ്ട്. വൈദ്യുതി മന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ കോളനി നിവാസികൾക്ക് 2016ൽ വൈദ്യുതി ലഭിച്ചതാണ് ഏക ആശ്വാസം. പട്ടയം ലഭിച്ച് 14 വർഷമായിട്ടും വൈദ്യുതി എത്തിയെന്നല്ലാതെ മറ്റ് വികസന പ്രവർത്തനങ്ങൾ കോളനിയിൽ നടന്നിട്ടില്ല.
2022 ഫെബ്രുവരി 16ന് മലപ്പുറം ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തിൽ ജല അതോറിറ്റി, കെ.എസ്.ഇ.ബി, പൊതുമരാമത്ത് വകുപ്പ്, എടവണ്ണ ട്രൈബൽ ഓഫിസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കോളനി വികസനത്തിനായി സംയുക്ത പരിശോധന നടത്തിയതായും അതുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ലെന്നും കോളനി നിവാസികൾ പറഞ്ഞു. പ്രദേശത്ത് കുരങ്ങുകളുടെയും കാട്ടുപന്നികളുടെയും ശല്യവുമുണ്ട്.
ജലസേചന സൗകര്യമില്ലാത്തതിനാൽ പതിച്ച് കിട്ടിയ ഭൂമിയിൽ കൃഷി ചെയ്യാനും സാധിക്കുന്നില്ല. പ്രദേശത്ത് കുടിവെള്ളം ഉറപ്പാക്കുകയും ഗതാഗത സൗകര്യം ഏർപ്പെടുത്തുകയും ചെയ്താൽ ശേഷിക്കുന്നവർ കൂടി തങ്ങൾക്ക് പതിച്ചു നൽകിയ ഭൂമിയിൽ താമസം ആരംഭിക്കുമെന്നാണ് കോളനി നിവാസികൾ പറയുന്നത്. ഈ സൗകര്യങ്ങൾ ഒരുക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ മുൻകൈ എടുക്കണമെന്നാണ് ഇവിടത്തുകാരുടെ ആവശ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.