സമര കോലാഹലങ്ങളടങ്ങി; ഏലംകുളത്ത് സുഗമമായി മാലിന്യ നീക്കം
text_fieldsഏലംകുളം: ഹരിത കർമസേനയുടെ ആഭിമുഖ്യത്തിൽ ഏലംകുളത്ത് മാലിന്യ നീക്കം വീണ്ടും സുഗമമായി. വീടുകളിൽനിന്ന് ശേഖരിച്ച നാല് ലോഡ് മാലിന്യം ഹരിത കർമസേന അംഗങ്ങൾ ബുധനാഴ്ച മാലിന്യം വേർതിരിക്കൽ കേന്ദ്രത്തിലേക്ക് (എം.സി.എഫ്) മാറ്റി. നേരത്തേ വീടുകളിൽനിന്ന് ശേഖരിച്ച് ചെറുകര, ആലുംകൂട്ടം, ഏലംകുളം റോഡ്, പാറക്കൽ മുക്ക്, പുളിങ്കാവ് എന്നിവിടങ്ങളിൽ കൂട്ടിയിട്ടിരുന്നതാണ് ബുധനാഴ്ച ശേഖരിച്ചത്. വ്യാഴാഴ്ചയും മറ്റു വാർഡുകളിൽ ഇത് തുടരും.
മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ പ്രശ്നങ്ങളില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. സെപ്റ്റംബർ അവസാനവും ഒക്ടോബർ ആദ്യവും വീടുകളിൽനിന്ന് ശേഖരിച്ച മാലിന്യം ചാക്കുകളിൽ റോഡുവക്കിൽ കൂട്ടിയിട്ടിരുന്നതാണ് നീക്കിയത്. എം.സി.എഫിൽ സൗകര്യം കൂട്ടണമെന്ന് ആവശ്യമുണ്ട്. മുതുകുർശി എളാട് ശ്മശാനത്തിന്റെ ഒരു ഭാഗത്താണ് എം.സി.എഫ്.
മാലിന്യ നീക്കത്തിന് വാഹന വാടക നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ഫണ്ട് ലഭിക്കാതെ ഏതാനും ദിവസം പഞ്ചായത്ത് പ്രതിസന്ധിയിലായിരുന്നു. തുടർന്ന് വെള്ളിയാഴ്ച സി.പി.എം ഏലംകുളം പഞ്ചായത്ത് ഓഫിസിൽ മാലിന്യം വിതറി സമരവും ബുധനാഴ്ച പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചുള്ള സമരവും നടത്തിയിരുന്നു. ഹരിത കർമ സേന അംഗങ്ങളിൽ ഒരു വിഭാഗവും പഞ്ചായത്തിനെതിരെയുള്ള സമരത്തിൽ പങ്കെടുത്തിരുന്നു. ശുചിത്വ കേരള മിഷൻ ജില്ല ജോയന്റ് ഡയറക്ടർ ചൊവ്വാഴ്ച പഞ്ചായത്തിലെത്തി ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.