അവർ പൂച്ചെണ്ട് ഒരുക്കുകയാണ്, മന്ത്രിമാരെ സ്വീകരിക്കാൻ
text_fieldsമലപ്പുറം: നവകേരള സദസ്സിന്റെ ഭാഗമായി മലപ്പുറത്തെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും സ്വീകരിക്കാനുള്ള പൂച്ചെണ്ട് ഒരുക്കുന്ന തിരക്കിലാണ് ഈ കുരുന്നുകൾ. കുടുംബശ്രീ ബഡ്സ് വിദ്യാർഥികൾ തയാറാക്കിയ സ്നേഹോപഹാരങ്ങൾ സ്വീകരിച്ചാണ് മന്ത്രിമാർ വേദിയിലെത്തുക. പുറത്തൂർ, കൊണ്ടോട്ടി, മാറഞ്ചേരി സ്പെക്ട്രം, ചെറുകാവ് എന്നീ ബഡ്സ് സ്കൂളുകളിലെ വിദ്യാർഥികളാണ് ഉപഹാരം നിർമിക്കുന്നത്.
ചണനൂൽ, പ്രകൃതിദത്ത ചെടികൾ, പാള തുടങ്ങിയ പ്രകൃതി സൗഹൃദ ഉൽപന്നങ്ങൾ ഉപയോഗിച്ചാണ് നിർമാണം. കൂടാതെ കുരുന്നുകൾ വരച്ച ചിത്രങ്ങൾ, നെറ്റിപ്പട്ടങ്ങളുടെ ചെറിയ മാതൃക എന്നിവയും ഉപഹാരങ്ങളായി നൽകും. നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ ബഡ്സ് വിദ്യാർഥികളിൽനിന്ന് പണം കൊടുത്ത് ഉപഹാരം വാങ്ങും. 150നും 250നും ഇടയിലാണ് ഓരോന്നിന്റെയും വില.
ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിൽ ഒമ്പതിടത്തുനിന്നും ഉപഹാരം നൽകാനായുള്ള ഓർഡറുകൾ ഇതുവരെ ഇവർക്ക് ലഭിച്ചിട്ടുണ്ട്. ഒരു നിയോജക മണ്ഡലത്തിലേക്ക് 25 മുതൽ 30 വരെ ഉപഹാരങ്ങളാണ് തയാറാക്കുന്നത്. ബഡ്സ് വിദ്യാർഥികൾക്ക് ഉപഹാരം നിർമിക്കാനും മറ്റുമുള്ള എല്ലാ സഹായ സഹകരണവും കുടുംബശ്രീ നൽകുന്നുണ്ട്. തങ്ങളുടെ ഉൽപന്നങ്ങൾ മന്ത്രിമാരിലേക്കാണ് എത്തുന്നതെന്നറിഞ്ഞ സന്തോഷത്തിലാണ് ഇവർ.
പെരിന്തൽമണ്ണയിൽ കുറ്റമറ്റ ഒരുക്കം
പെരിന്തൽമണ്ണ: നെഹ്റു സ്റ്റേഡിയത്തിൽ 30ന് നടക്കുന്ന നവകേരള സദസ്സിൽ മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ ഒരുക്കം പൂർത്തിയാക്കിയതായി സംഘാടക സമിതി അധ്യക്ഷൻ വി. ശശികുമാറിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 18,000 പേർ വരെ സദസിലേക്കെത്തും.
പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ 7,000 പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് പന്തൽ. 30 ന് വൈകീട്ട് മൂന്നു മുതൽ പെരിന്തൽമണ്ണയിൽ കലാപരിപാടികൾ ആരംഭിക്കും. വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഇവിടേക്കെത്തുക.
പെരിന്തൽമണ്ണ നഗരസഭയും പുലാമന്തോൾ, മേലാറ്റൂർ, താഴേക്കോട്, ആലിപ്പറമ്പ്, ഏലംകുളം, വെട്ടത്തൂർ പഞ്ചായത്തുകളും ചേർന്ന മണ്ഡലത്തിൽ പഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് താഴേതട്ടിൽ ഒരുക്കം നടത്തിയത്. 23 കൗണ്ടറുകളാണ് ആകെ ഒരുക്കുക. പരാതികളും നിർദേശങ്ങളും കൗണ്ടറുകളിൽ നൽകാം.
മൂന്നു സർക്കാർ പ്രതിനിധികൾ വരെ ഒരു കൗണ്ടറിലുണ്ടാവും. പരാതിയിൽ ചേർക്കുന്ന നമ്പറിലേക്ക് പരാതി സ്വീകരിച്ച സന്ദേശം വരും. 29ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനും മുഴുവൻ മന്ത്രിമാരും വകുപ്പു സെക്രട്ടറിമാരും പെരിന്തൽമണ്ണയിലെത്തും. 80 പേരാണ് ഈ സംഘത്തിലുണ്ടാവുക. പെരിന്തൽമണ്ണയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസും പ്രമുഖ ഹോട്ടലുകളുമാണ് ഇവർക്ക് താമസിക്കാൻ ഒരുക്കിയിട്ടുള്ളത്. പ്രഭാതസദസ്സിനു ശേഷം അന്നത്തെ ആദ്യ സ്വീകരണ കേന്ദ്രമായ അരീക്കോട്ടേക്ക് പുറപ്പെടും.
ശേഷം വണ്ടൂർ, നിലമ്പൂർ എന്നിവിടങ്ങളിലെ സദസ് പൂർത്തിയാക്കിയാണ് മുഖ്യമന്ത്രിയും സംഘവും പെരിന്തൽമണ്ണയിലെത്തുക. വാർത്ത സമ്മേളനത്തിൽ മണ്ഡലം നോഡൽ ഓഫീസർ ജില്ല വനിത ശിശു വികസന ഓഫീസർ കെ.വി.ആശമോൾ, സംഘാടക സമിതി ചെയർമാൻ വി.ശശികുമാർ, ഉപാധ്യക്ഷരായ ഇ. രാജേഷ്, കെ. ശ്യാംപ്രസാദ്, കൺവീനർ തഹസിൽദാർ പി.എം.മായ തുടങ്ങിയവരും പങ്കെടുത്തു.
ഭൂമിയും വീടും ചോദിച്ചു മടുത്തു, ആദിവാസികൾ തേടുന്നത് ആധാർ കാർഡും പെൻഷനും; പ്രതിസ്ഥാനത്ത് സർക്കാർ വകുപ്പുകൾ
പെരിന്തൽമണ്ണ: താമസയോഗ്യമായ വീടിനും ഭൂമിക്കുമായി സർക്കാർ വാതിലുകൾ മുട്ടി മടുത്ത്, കിട്ടില്ലെന്ന് ബോധ്യം വന്ന ആദിവാസികൾ പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മുമ്പിലെത്തുന്നത് സാമൂഹിക സുരക്ഷ പെൻഷനും വിധവ പെൻഷനും അത് കിട്ടാൻ വേണ്ട ആധാർ കാർഡിനും വേണ്ടി. പെരിന്തൽമണ്ണ മണ്ഡലത്തിൽ കുടിലുകളിൽ കഴിയുന്ന പത്ത് ആദിവാസികൾക്ക് സാമൂഹിക സുരക്ഷ പെൻഷനും ആറു വനിതകൾക്ക് വിധവ പെൻഷനുമില്ല. കാരണം സാങ്കേതികം മാത്രം.
ഇവർക്ക് ആധാറോ ഭർത്താവ് മരണപ്പെട്ടതിന്റെ സർട്ടിഫിക്കറ്റോ ഇല്ല. ജനന സർട്ടിഫിക്കറ്റില്ലാത്ത 18 ആദിവാസി കുട്ടികളുണ്ട് ഈ മേഖലയിൽ. ഇത്ര കാലമായിട്ടും ആധാർ കാർഡ് കാത്ത് ആറാംകുന്ന് കോളനിയിലെ 20 പേരടക്കം താഴേക്കോട് മാത്രം 37 പേരുണ്ട്. വില്ലേജ് ഓഫിസർ, തഹസിൽദാർ എന്നിവരും ഐ.ടി.ഡി.പി ഉദ്യോഗസ്ഥരും വിചാരിച്ചാൽ തീരുന്നതാണ് ഈ പ്രശ്നം.
താഴേക്കോട്, വെട്ടത്തൂർ, പുലാമന്തോൾ, ചീരട്ടാമല എന്നീ പ്രദേശങ്ങളിലായാണ് ആദിവാസി കുടുംബങ്ങൾ. പാണമ്പി, ഇടിഞ്ഞാടി, മുള്ളൻമട, ആറാംകുന്ന്, മേലേചേരി, മാട്ടറ എന്നീ കോളനികളാണ് താഴേക്കോട് പഞ്ചായത്തിൽ. മണ്ഡലത്തിൽ 50 കുടുംബങ്ങളിലായി 165 ആദിവാസികളാണ് പട്ടിക വർഗ വികസന വകുപ്പിന്റെ പക്കലുള്ള കണക്കിൽ. ഇതിൽ ചീരട്ടാമല, വെട്ടത്തൂർ എന്നിവിടങ്ങലിൽ താമസയോഗ്യമായ വീടില്ല.
പാണമ്പിയിൽ 30 വർഷമായി താൽക്കാലിക ഓലഷെഡിലും മറ്റുമാണ് കുടുംബങ്ങൾ കഴിഞ്ഞത്. നാലു വർഷം മുമ്പ് ഇവർക്ക് വീടുവെക്കാൻ സർക്കാർ അനുവദിച്ച തുക കൊണ്ട് ഏറെ വൈകി വീടുനിർമാണം നടക്കുന്നുണ്ട്. ഭൂമിയില്ലാത്തതാണ് കുടുംബങ്ങൾ നേരിടുന്ന വലിയ പ്രശ്നം.
ആറാംകുന്നിലെ മാധവി, ചെറിയകുമാരൻ, ശാന്ത മാട്ടറ, ബേബി മുള്ളൻമട, കല്യാണി മേലേച്ചേരി, മല്ലൻ കൊരണം കുന്ന്, മാധവി കൊരണം കുന്ന്, ലക്ഷ്മി ഇടിഞ്ഞാടി, ഗീത ചീരട്ടാമല, മാധവി മുള്ളൻമട എന്നിവർ സാമൂഹിക സുരക്ഷ പെൻഷൻ നിഷേധിക്കപ്പെട്ടവരാണ്.
ആധാർ ലിങ്ക് ചെയ്യാത്തതോ കാർഡ് ഇല്ലാത്തതോ ആണ് കാരണം. സരോജിനി ആറാംകുന്ന്, സതി ചീരട്ടമല, ഉഷ മുള്ളൻമട, ശാന്ത മേലേ ഇടഞ്ഞാടി, ശാന്ത താഴേ ഇടിഞ്ഞാടി, കല്യാണി ആറാംകുന്ന് എന്നിവർ വിധവ പെൻഷന് അർഹരാണ്. ഭർത്താവ് മരിച്ച രേഖ നൽകിയിട്ടില്ല എന്നതാണ് കാരണം.
പ്രഭാത സദസ്സിൽ അഞ്ചു മണ്ഡലത്തിലെ പ്രതിനിധികൾ
പെരിന്തൽമണ്ണ: നവകേരള സദസ്സിന്റെ ഭാഗമായി പെരിന്തൽമണ്ണയിൽ 30ന് രാവിലെ പ്രഭാതസദസ്സിൽ ഏറനാട്, വണ്ടൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട 250ഓളം പ്രതിനിധികളും മുഖ്യമന്ത്രിയടക്കം മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും.
രാവിലെ ഒമ്പതിന് തുടങ്ങി പത്തിന് അവസാനിക്കും. വിവിധ മേഖലയിലുള്ളവരെയാണ് ഇതിലേക്ക് ക്ഷണിച്ചത്. മണ്ഡലത്തിൽ നിന്ന് 50 പേർ വീതം 250 പേരുണ്ടാവും. രാവിലെ ഏഴിനു തന്നെ പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ എത്താൻ ഇവരോട് നിർദേശിച്ചിട്ടുണ്ട്.
ക്ഷണിക്കപ്പെട്ട മുഴുവൻ പേർക്കുമുള്ള പ്രഭാത ഭക്ഷണം ഇവിടെ ഒരുക്കും. ശേഷം ഒമ്പത് മുതലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പ്രഭാത സദസ്സ്. പരമാവധി 300 പേർക്ക് ഇരിക്കാവുന്ന ഹാളാണ് ഇതിന്. മതമേലധ്യക്ഷർ, വിവിധ സാമൂഹിക, സാമുദായിക സംഘടന പ്രതിനിധികൾ, ജനപ്രതിനിധികൾ, കർഷകർ, വ്യാപാരികൾ തുടങ്ങിയവർ ഇതിൽ പട്ടികയിലുണ്ടാവും.
നാടിനെ പൊതുവെ ബാധിക്കുന്ന കാര്യങ്ങളാണ് കലക്ടറുടെ നിയന്ത്രണത്തിൽ നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രി മുമ്പാകെ ഉന്നയിക്കാനാവുക. ഇതിലേക്ക് മാധ്യമ പ്രവർത്തകരെ പ്രവേശിപ്പിക്കില്ല. എന്നാൽ, പ്രഭാത സദസ്സിന് ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വാർത്തസമ്മേളനം ഇതേ സ്ഥലത്ത് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.