പൊട്ടിച്ചെടുത്ത സ്വർണ മാല പണയം വെച്ച പണവുമായി മോഷ്ടാക്കൾ പിടിയിൽ
text_fieldsകൊടുങ്ങല്ലൂർ: അംഗൻവാടി അധ്യാപികയുടെ പൊട്ടിച്ചെടുത്ത സ്വർണമാല പണയം വെച്ച പണവുമായി മോഷ്ടാക്കൾ ചെന്നുപെട്ടത് പൊലീസ് വലയിൽ. ശ്രീനാരായണപുരം ആലയിൽ അംഗൻവാടി അധ്യാപികയുടെ മാല ബൈക്കിലെത്തി കവർന്ന് രക്ഷപ്പെട്ടവരാണ് മണിക്കുറുകൾക്കകം പൊലീസ് പിടിയിലായത്.
ആലുവ എടേപ്പുറം മാടവന വീട്ടിൽ സിദ്ദീഖ് (46), മലപ്പുറം പാണ്ടിക്കാട് പട്ടാണിവീട്ടിൽ അബ്ദുൽ അസീസ് (46) എന്നിവരാണ് ആലുവയിൽ പെരിന്തൽമണ്ണ പൊലീസിന്‍റെ പിടിയിലായത്. പെരിന്തൽമണ്ണയിലെ കവർച്ച കേസുകളിൽ ഉൾപ്പെട്ട ഇരുവരെയും അവിടത്തെ പൊലീസ് പിൻതുടരുന്നതിനിടയിലാണ് പ്രതികൾ ആലയിൽ മാല കവർന്നത്.
ജൂലൈ നാലിനാണ് ശ്രീനാരായണപുരം ആലയിൽ ബൈക്കിലെത്തിയ ഇവർ നടന്നുപോവുകയായിരുന്ന അംഗൻവാടി അധ്യാപിക മൂത്തകുന്നം സ്വദേശി കളവൻപാറ വീട്ടിൽ സജിയുടെ ഭാര്യ സീനയുടെ അഞ്ചുപവൻ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്. മാലയുമായി പറവൂരിലെത്തിയ ഇവർ സ്വർണ പണയ ഇടപാട് സ്ഥാപനത്തിൽ 1.35 ലക്ഷം രൂപക്ക് പണയം വെക്കുകയായിരുന്നു.
തുടർന്ന് നേരത്തേ നിലമ്പൂരിൽനിന്ന് മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച ഇരുവരും ആലുവയിൽ എത്തിയതിന് പിറകെയാണ് ഇവരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. തുടർന്ന് പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡിലായ പ്രതികളെ ആല കേസുമായി ബന്ധപ്പെട്ട് മതിലകം പൊലീസ് കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയാണ് മോഷണ മുതൽ കണ്ടെടുത്തത്.
നടപടികൾ പൂർത്തീകരിച്ച് പ്രതികളെ തിരിച്ച് കോടതിയിൽ ഹാജരാക്കി. എസ്.ഐ വി.വി. വിമലിന്‍റെ നേതൃത്വത്തിലായിരുന്നു തുടർ നടപടികൾ. പ്രതികളിൽ ഒരാൾക്കെതിരെ 26 കേസും രണ്ടാമനെതിരെ 16 കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ജയിലിൽ പരിചയപ്പെട്ട ശേഷമാണ് ഒരുമിച്ച് കവർച്ച തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.