മൂന്നാം അലോട്ട്മെന്റ്; മലപ്പുറത്ത് സീറ്റ് കിട്ടാതെ 32,410 പേർ പുറത്ത്
text_fieldsമലപ്പുറം: പ്ലസ് വൺ മൂന്നാംഘട്ട അലോട്ട്മെന്റ് പട്ടിക പുറത്തുവന്നപ്പോൾ കണക്കുകൾ പ്രകാരം 32,410 പേർ സീറ്റ് കിട്ടാതെ പുറത്ത്. ഇനി മെറിറ്റ്, സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ടകളിലായി ഇനി ആകെ 6,347 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റിൽ 6,347 സീറ്റുകൾ കൂടി നിറഞ്ഞാൽ 26,063 പേർ ഒരിടത്തും സീറ്റ് കിട്ടാതെ പുറത്തുപോകേണ്ടി വരും. സപ്ലിമെന്ററി ഘട്ടത്തിൽ സേ പരീക്ഷ എഴുതിയവർക്കും നേരത്തേ അപേക്ഷ നൽകാൻ കഴിയാതെ പോയവർക്കും അപേക്ഷ നൽകാനും അവസരമുണ്ട്. ഈ എണ്ണം കൂടി വരുന്നവതോടെ അപേക്ഷകരുടെ എണ്ണം ഇനിയും ഉയരും. മൂന്നാം ഘട്ടത്തിൽ ഭിന്നശേഷി വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തി ആകെ 50,080 സീറ്റിലേക്ക് നടന്ന പ്രവേശന നടപടികളിൽ 50,036 പേർക്കാണ് പ്രവേശനത്തിന് അവസരം കിട്ടിയത്.
ഈ വിഭാഗത്തിൽ ഇനി വെറും 44 സീറ്റുകൾ മാത്രം ബാക്കിയുള്ളത്. സ്പോർട്സ് ക്വോട്ടയിൽ 1,111 പേർക്കാണ് പ്രവേശനത്തിന് അവസരം ലഭിച്ചത്. മോഡൽ റെസിഡൻസി സ്കൂൾ വിഭാഗത്തിൽ 25, കമ്യൂണിറ്റി ക്വോട്ടയിൽ 2,573, മാനേജ്മെന്റിൽ 128, അൺ എയ്ഡഡിൽ 359 പേർക്കും പ്രവേശനത്തിന് അർഹത നേടി. ജനറൽ, മുസ്ലിം, ആഗ്ലോ ഇന്ത്യൻ, ക്രിസ്റ്റ്യൻ ഒ.ബി.സി, ഹിന്ദു ഒ.ബി.സി, പട്ടിക വർഗം, കാഴ്ചപരിമിതർ, മറ്റ് യോഗ്യത വിഭാഗം, ധീവര, വിശ്വകർമ, കുശവൻ എന്നിവയിൽ എല്ലാ സീറ്റുകളും മൂന്നാംഘട്ടത്തിൽ നിറഞ്ഞിട്ടുണ്ട്. ഇനി ഈഴവ-തിയ്യ-ബില്ല ഒന്ന്, പട്ടികജാതി രണ്ട്, ഭിന്നശേഷി 40, സാമ്പത്തിക പിന്നാക്ക വിഭാഗം ഒന്ന് എന്നിവയിലാണ് ഒഴിവുള്ളത്.
സ്പോർട്സ് ക്വോട്ടയിൽ 129, മാനേജ്മെൻറിൽ 4,963, മോഡൽ റെസിഡൻസി സ്കൂളിൽ 25, കമ്യൂണിറ്റിയിൽ 1,186 എന്നി സീറ്റുകളും അടക്കം 6,347 സീറ്റുകളുണ്ട്. പണം മുടക്കി പഠിക്കേണ്ട അൺ എയ്ഡഡ് മേഖലയിൽ ആകെ 10,877 സീറ്റാണ് ഒഴിവുള്ളത്. അൺ എയ്ഡഡ് മേഖല കൂടി പരിഗണിച്ചാൽ 17,224 സീറ്റുകളാണ് ആകെ ഒഴിഞ്ഞുകിടക്കുന്നത്. ഈ സീറ്റുകളെല്ലാം നിറഞ്ഞാലും 15,186 ഉപരി പഠനം ചോദ്യ ചിഹ്നമായി തുടരുകയാണ്. പത്താംതരത്തിൽ മികച്ച മാർക്ക് നേടിയിട്ടും പ്രവേശനത്തിന് അവസരം ലഭിക്കാത്തത് വിദ്യാർഥികളെ നിരാശയിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.