റെയിൽപാതക്കായി പല്ലാറിനെ വെട്ടിമുറിച്ചിട്ട് 150 വർഷം എന്നിട്ടും മേൽപാലം വന്നില്ല; നിരവധി പേരാണ് ട്രെയിൻ തട്ടി മരിച്ചത്
text_fieldsഅന്നുമുതൽ ഇരുകരകളിലായി നിൽക്കുന്ന പല്ലാറിനെയും സൗത്ത് പല്ലാറിനെയും ബന്ധിപ്പിക്കാനായി ചൂണ്ടിക്കൽ ഭാഗത്ത് റെയിൽവെ മേൽപാലം വേണമെന്ന മുറവിളിക്ക് ദശാബ്ദങ്ങളൂടെ പഴക്കമുണ്ട്. ഇതിനിടയിൽ ഇവിടെ പാളം മുറിച്ചുകടന്ന നാട്ടുകാരും ഇതര ദേശക്കാരുമായ നിരവധി പേരാണ് ട്രെയിൻ തട്ടി മരിച്ചത്.
ഏറ്റവുമൊടുവിൽ ഈ ദുരിതം കണ്ടു മടുത്ത നാട്ടുകാർ നടപ്പാതയെങ്കിലും ഇവിടെ നിർമിക്കൂ എന്ന് ജനപ്രതിനിധികളോട് അപേക്ഷിക്കാൻ തുടങ്ങിയിട്ടും വർഷങ്ങളായി. വെട്ടിമുറിച്ച വടക്കെ പല്ലാറുകാർക്ക് ഗതാഗത സൗകര്യം ഉണ്ടെങ്കിലും വെട്ടിലായത് സൗത്ത് പല്ലാർ ദേശക്കാരാണ്.
റെയിൽപാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി ചൂണ്ടിക്കൽ അങ്ങാടി നഷ്ടപ്പെട്ടതോടെ സൗത്ത് പല്ലാർ ഭാഗത്തുള്ളവർക്ക് വീട്ടാവശ്യത്തിനുള്ള സാധനം വാങ്ങാൻ പാളം മുറിച്ചുകടന്ന് കിലോമീറ്ററുകൾ താണ്ടി വൈരങ്കോട്, എടക്കുളം, കൊടക്കൽ, തിരുനാവായ അങ്ങാടികളിൽ എത്തേണ്ടതായ ഗതികേടാണുള്ളത്. മഴക്കാലമായാൽ വെള്ളവും നീന്തണം. നാലാം ക്ലാസുവരെയുള്ള ഏക സ്കൂളുള്ള ഇവിടെ യു.പി ഹൈസ്കൂൾ പഠനത്തിന് പോകുന്ന കുട്ടികളൂടെയും മറ്റു വിദ്യാർഥികളുടെയും ജോലിക്കാരുടെയുമൊക്കെ ഗതിയും ഇതുതന്നെ.
സിൽവർ ലൈൻ കൂടി വന്നാൽ സൗത്ത് പല്ലാറിനെ വീണ്ടും രണ്ട് തുണ്ടമാക്കി വിഭജിക്കപ്പെടും. അതേസമയം, അലൈൻമെന്‍റിൽ ചെറിയ മാറ്റം വരുത്തി താരതമ്യേന വീടുകളും സ്ഥാപനങ്ങളും വളരെ കുറഞ്ഞതും നിലവിലെ റെയിൽപാളത്തിൽനിന്ന് പുഴയിലേക്ക് 150 ഓളം ദൂരം മാത്രമുള്ള ചെമ്പിക്കലിനും രാങ്ങാട്ടൂർ കമ്പനിപ്പടിക്കുമിടയിലെ സ്ഥലത്തുകൂടി കെ റെയിൽ കൊണ്ടുപോയാൽ നാശനഷ്ടം ഗണ്യമായി കുറക്കാനാവുമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് നിലവിലെ അലൈൻമെന്‍റ് മാറ്റാൻ അധികൃതർ ആലോചിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്ന വിശ്വാസത്തിലാണ് സൗത്ത് പല്ലാർ, തിരുത്തി, തിരുനാവായ മേഖലയിലെ ജനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.