തിരുനാവായയിൽ കെ-റെയിൽ സർവേക്കല്ല് ഇറക്കാനുള്ള ശ്രമം തടഞ്ഞു
text_fieldsതിരുനാവായ: വില്ലേജ് ഓഫിസ് വളപ്പിൽ കെ-റെയിൽ സർവേ കല്ലുകൾ ഇറക്കാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. തിരുനാവായ വില്ലേജ് പരിധിയിൽ നാട്ടാനുള്ള സർവേ കല്ലുകളാണ് കെ-റെയിൽ വിരുദ്ധ സമരപ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടുകാർ തടയാൻ ശ്രമിച്ചത്.
വ്യാഴാഴ്ച രാവിലെ പത്തോടെ സർവേ കല്ലുകളുമായി വില്ലേജ് ഓഫിസ് വളപ്പിൽ എത്തിയ ലോറികൾ തടഞ്ഞ സമരക്കാർ കവാടത്തിൽ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചു. പിരിഞ്ഞുപോകണമെന്ന പൊലീസ് ആവശ്യം തള്ളിയതോടെയാണ് സമരക്കാരിൽ ചിലരെ കസ്റ്റഡിയിലെടുത്തത്.
ഉച്ചക്ക് 12.30ഓടെ സമരത്തിന് നേതൃത്വം നൽകിയ ജില്ല പഞ്ചായത്തംഗം ഫൈസൽ എടശ്ശേരിയെ തിരൂർ എസ്.ഐ ജലീൽ കറുത്തേടത്തിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു നീക്കി. കെ-റെയിൽ സമരസമിതി പഞ്ചായത്ത് കൺവീനർ മുളക്കൽ മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മുഹമ്മദ് കോയ, വി. മൊയ്തീൻ, നജീബ് വെള്ളാടത്ത്, സക്കരിയ പല്ലാർ എന്നിവരടക്കമുള്ള സമരനേതാക്കളെ കസ്റ്റഡിയിലെടുത്ത് തിരൂരിലേക്ക് കൊണ്ടുപോയി.
ഇതിനുശേഷമാണ് അധികൃതർക്ക് കല്ലുകൾ ഇറക്കാനായത്. കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയച്ചു. രണ്ടാഴ്ച മുമ്പ് തിരുനാവായ റെയിൽവേ മേൽപ്പാലത്തിനടിയിൽ ഇറക്കിയ സർവേ കല്ലുകൾ സമരസമിതി പ്രവർത്തകരുടെ ചെറുത്തുനിൽപ്പിനെത്തുടർന്ന് തിരിച്ചുകൊണ്ടു പോയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.