സൗത്ത് പല്ലാറിലെ പക്ഷിസങ്കേതത്തിന് അലങ്കാരമായി തൂക്കണാം കുരുവികൾ
text_fieldsതിരുനാവായ: ദേശാടനപ്പക്ഷികളുടെ സാന്നിധ്യംകൊണ്ട് പുകൾപെറ്റ സൗത്ത് പല്ലാർ ഗ്രാമത്തിൽ തൂക്കണാം കുരുവികൾ (ബായ വീവർ) കൂടൊരുക്കിയത് അലങ്കാരമേറുന്നു. ആറ്റക്കുരുവി, കൂരിയാറ്റ പേരുകളിൽ അറിയപ്പെടുന്ന ഇവ കേരളത്തിലെ വയലോരങ്ങളിൽ സാധാരണയായി കണ്ടുവരുന്ന പക്ഷിയാണ്. അങ്ങാടിക്കുരുവിയുടെ വലുപ്പമുള്ള ഈ പക്ഷികൾ പ്രജനനകാലത്തൊഴിച്ച് ആണും പെണ്ണും ഒരേ നിറമാണ്. സാധാരണ ഇളംമഞ്ഞയും മണ്ണിന്റെ നിറവുമാണ് ഇവക്ക്. പ്രജനനകാലത്ത് ആൺപക്ഷിക്ക് തലയിലും കഴുത്തിലും തിളക്കമുള്ള കടുംമഞ്ഞ നിറമായിരിക്കും.
സൗത്ത് പല്ലാറിലെ ചേരാ കൊക്കൻ കോളനിക്ക് സമീപത്തെ സ്വകാര്യവ്യക്തികളുടെ വീട്ടുവളപ്പിലെ തെങ്ങോലകളിലാണ് കൂട്ടമായി ഇവ കൂടുവെച്ചിരിക്കുന്നത്. പക്ഷിസങ്കേതത്തിനടുത്ത് ഉയരമുള്ള തെങ്ങിൽ നെല്ലോലകൊണ്ടും പുൽനാരുകൾകൊണ്ടും മനോഹരമായാണ് ഇവർ കൂട് നെയ്തെടുത്തിരിക്കുന്നത്. പുട്ടുകുറ്റി കമഴ്ത്തിവെച്ച രൂപത്തിലാണ് ഇവർ കൂടൊരുക്കുന്നത്. ഒരു മീറ്ററിലധികം നീളമുള്ള കൂടുകൾ ഇവിടെ കണ്ടുവരുന്നതായി പ്രാദേശിക പക്ഷി നിരീക്ഷകനും പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ സൽമാൻ കരിമ്പനക്കൽ പറയുന്നു. ഒരു തെങ്ങിൽതന്നെ വിവിധ വലുപ്പത്തിലുള്ള ഇരുപതിലധികം കൂടുകളാണ് കണ്ടുവരുന്നത്. നൂറോളം കൂടുകൾ വിവിധ തെങ്ങുകളിലായി ഇതിനകം ഒരുക്കിക്കഴിഞ്ഞു.
നാരുകളിൽ തൂക്കിയിടപ്പെട്ട രീതിയിൽ കാണുന്ന രണ്ട് അറകളുളള ഈ കൂടുകൾ ഉറപ്പും ഈടും ഉള്ളതാണ്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാണ് കൂട് നിർമാണം നടക്കാറ്. ഒന്നിലധികം ഇണകളെ സ്വീകരിക്കുന്ന തൂക്കണാം കുരുവികൾ ഓരോ ഇണക്ക് വേണ്ടിയും വെവ്വേറെ കൂടൊരുക്കും. നാലാഴ്ചയോളമെടുക്കുന്ന കൂട് നിർമാണത്തിന് ആൺപക്ഷിയാണ് നേതൃത്വം നൽകുന്നത്. ഇണയെ കണ്ടെത്തിയ ശേഷമാണ് കൂട് നിർമാണം ആരംഭിക്കുക.
ആയിരത്തിലധികം നാരുകൾ ഇതിനായി ഇവ ശേഖരിക്കും. പെൺപക്ഷി കൂട് നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പരിശോധനക്കെത്തും. പരിശോധനയിൽ ഏതെങ്കിലും തരത്തിൽ ബലക്ഷയം കണ്ടെത്തുകയാണെങ്കിൽ ആ കൂട് ഉപേക്ഷിക്കുകയാണ് പതിവ്. അതിനുശേഷം ആൺപക്ഷി അടുത്ത കൂടിന്റെ നിർമാണം തുടങ്ങും. ചേരാ കൊക്കൻ പക്ഷികളുടെ കേരളത്തിലെ ഏറ്റവും വലിയ കോളനിയായ സൗത്ത് പല്ലാറിൽ തൂക്കണാം കുരുവികളുടെ സാന്നിധ്യവും ഇതോടെ ശ്രദ്ധേയമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.