ഗതാഗതക്കുരുക്കഴിക്കാൻ പട്ടർനടക്കാവിൽ ബൈപ്പാസ് വേണം
text_fieldsതിരുനാവായ: പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രവും നാല് പ്രധാന റോഡുകൾ സന്ധിക്കുന്ന നാൽക്കവലയുമായ പട്ടർനടക്കാവ് അങ്ങാടിയിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കും പൂർണമായും ഒഴിവാക്കാൻ ബൈപ്പാസുകൾ യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമായി.
വൈരങ്കോട് റോഡിൽ നിന്ന് തുടങ്ങി മേലങ്ങാടിയിലെത്തുന്ന ഖിദ്മത്ത് റോഡ് ബൈപ്പാസാക്കാൻ 250 മീറ്റർ കൂടിയേ വീതി കൂട്ടേണ്ടതുള്ളു. ഇത് ബൈപ്പാസാക്കി വികസിപ്പിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. വൈരങ്കോട് റോഡിൽ നിന്ന് അണ്ണാരക്കൊട്ടൻ കുന്ന് വഴി കമാനം പരിസരത്തെത്തുന്ന റോഡും വലിയപറപ്പൂരിൽ നിന്ന് ആതവനാട് റോഡിൽ ചേരുന്ന തിരുവാകളത്തിൽ പീടിയേക്കൽ റോഡും വീതി കൂട്ടി വികസിപ്പിച്ചാലും ഈ ആവശ്യത്തിന് പരിഹാരമാവും.
പട്ടർനടക്കാവ് ടൗൺ പള്ളി പരിസരത്തു നിന്ന് കമാനത്തോട്ടിലെത്തുന്ന ചെറുതോടും സ്ലാബിട്ട് ബൈപ്പാസാക്കാൻ പറ്റും. സി. മമ്മുട്ടി സ്ഥലം എം.എൽ.എയായിരിക്കെ ബൈപ്പാസിന്റെ കാര്യം നാട്ടുകാർ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പടിപടിയായി പരിഗണിക്കാമെന്ന് പറഞ്ഞതായിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. ത്രിതല പഞ്ചായത്തുകളും പുതിയ എം.എൽ.എയും ഇക്കാര്യത്തിൽ വേണ്ടുന്നതു ചെയ്യുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.