കുംഭം പാതി കഴിഞ്ഞിട്ടും മഴ കനിഞ്ഞില്ല; നിളയിൽ ജലനിരപ്പ് താഴ്ന്നു, തീരപ്രദേശങ്ങളിൽ വരൾച്ച
text_fieldsതിരുനാവായ: കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല് എന്ന പഴമൊഴി അന്വർഥമാക്കി പതിവായി ഓരോ വർഷവും വേനൽ മഴ ലഭിക്കാറുണ്ട്. എന്നാൽ, ഇത്തവണ കുംഭം പാതി കഴിഞ്ഞിട്ടും മഴയുടെ സൂചന പോലുമില്ല. അതുകൊണ്ടു തന്നെ നിളയിൽ ജലം വലിഞ്ഞുതുടങ്ങി. തീരപ്രദേശങ്ങളിൽ വരൾച്ച തുടങ്ങി. വേനൽ ആരംഭത്തോടെത്തന്നെ നിളയിൽ ജലവിതാനം വളരെയധികം താഴോട്ടു പോയതിനാൽ കരയോര പ്രദേശങ്ങളെല്ലാം വരൾച്ചയുടെ പിടിയിലേക്ക് നീങ്ങുകയാണ്. തിരുനാവായയിലും പരിസര പഞ്ചായത്തുകളിലും കിണറുകളിൽ ജലനിരപ്പ് താഴ്ന്നു. മറ്റു ജലാശയങ്ങളും വറ്റിത്തുടങ്ങി. പലയിടത്തും കുടിവെള്ള ലഭ്യത ശുദ്ധജല പൈപ്പുകളെ ആശ്രയിച്ചാണ്. പതിവനുസരിച്ച് കാലവർഷാരംഭത്തിന് ഇനിയും മൂന്നുമാസം ബാക്കിനിൽക്കെ, ഇടമഴയോ, ന്യൂനമർദ മഴയോ ലഭിച്ചില്ലെങ്കിൽ നാടും നഗരവും കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങും. തിരൂർ നഗരസഭയും പരിസര പഞ്ചായത്തുകളുമൊക്കെ നിളയിലെ ജലത്തെ ആശ്രയിച്ചാണ് കഴിയുന്നത്. പുഴയിലെ ഒട്ടേറെ ജലസേചന പദ്ധതികളെ ആശ്രയിച്ച് നടക്കുന്ന കാർഷിക മേഖലയും അവതാളത്തിലാകും. പറമ്പുവിളകളൊക്കെ നേരത്തെത്തന്നെ വാടിക്കരിയാൻ തുടങ്ങിയിരിക്കുന്നു. തുലാവർഷം വേണ്ട വിധം ലഭിക്കാത്തതാണ് ഇത്തവണ വരൾച്ച നേരത്തെയെത്താൻ മുഖ്യകാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.