ഡി.ടി.പി.സിയുടെ തീർഥാടകത്തോണി കരയിൽ വിശ്രമത്തിലാണ്
text_fieldsതിരുനാവായ: തീർഥാടകരെ ലഭിക്കാത്തതിനാൽ നിളയിൽ ഡി.ടി.പി.സി ഏർപ്പെടുത്തിയ തീർഥാടകത്തോണി അഞ്ചുമാസത്തിലധികമായി കരയിൽത്തന്നെ. കോവിഡ് മൂലം നാവാമുകുന്ദ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ദർശനം വിലക്കിയതോടെയാണ് കഴിഞ്ഞ മാർച്ച് പാതിയോടെ തോണി കരയിൽ കയറിയത്.
നാവാമുകുന്ദ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ മുമ്പ് നിളയുടെ തെക്കെക്കരയിലുള്ള ബ്രഹ്മ-ശിവക്ഷേത്രങ്ങൾ നോക്കി തൊഴാറായിരുന്നു പതിവ്.
ഈ പതിവ് മാറ്റി അവിടെ നേരിട്ടെത്തി ദർശനവും വഴിപാടുകളും നടത്തുന്നതിനുള്ള സൗകര്യാർഥമാണ് അഞ്ചു വർഷം മുമ്പ് ഡി.ടി.പി.സി നിളയിൽ തീർഥാടകത്തോണി ഏർപ്പെടുത്തിയത്. ഇത് വിശ്വാസികൾക്ക് വളരെ അനുഗ്രഹമായതോടെ നിരവധിപേർ ദിനംപ്രതി ഈ സൗകര്യം പ്രയോജനപ്പെടുത്തി.
തിരുനാവായ മേഖലയിലുണ്ടായ പ്രളയത്തിൽ വീടുകൾ വെള്ളത്തിലായപ്പോൾ കുടുംബങ്ങളെ രക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാൻ മുഖ്യപങ്കുവഹിച്ചതും മുങ്ങൽ വിദഗ്ധൻ പാറലകത്ത് യാഹുട്ടി നയിക്കുന്ന ഈ തീർഥാടക തോണിയാണ്.
വേനൽക്കാലത്ത് മാമാങ്ക സ്മാരകങ്ങൾ കാണാനെത്തുന്ന വിദ്യാർഥികളും അധ്യാപകരും നിളയിൽ ഉല്ലാസയാത്രക്കും ഈ തോണി ഉപയോഗിക്കാറുണ്ട്. മലവെള്ളത്തിൽ പുഴ മധ്യത്തിലെ തുരുത്തുകളിൽ കുടുങ്ങുന്ന നാൽക്കാലികളെ രക്ഷിക്കാനും തീർഥാടകത്തോണി വിളിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.