മലബാർ സമരത്തിെൻറ ഓർമകളുമായി എടക്കുളം ജുമാ മസ്ജിദ്
text_fieldsതിരുനാവായ: 1921ലെ മലബാർ സമരത്തിെൻറ ഓർമകൾ അയവിറക്കി 200 വർഷത്തോളം പഴക്കമുള്ള എടക്കുളം ജുമാ മസ്ജിദ്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പ്രതികരിക്കാൻ മമ്പുറം സയ്യിദലി തങ്ങളും വെളിയങ്കോട് ഉമർ ഖാദിയും മലബാറിലെ മാപ്പിളമാർക്ക് പ്രചോദനം നൽകിയതിനെത്തുടർന്ന് രാജ്യസ്നേഹം ഈമാനിെൻറ (വിശ്വാസത്തിെൻറ) ഭാഗമായിക്കണ്ട മാപ്പിളമാർ സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയ കാലം. അന്ന് ഖിലാഫത്ത് സമരത്തിെൻറ നായകനായിരുന്ന ആലി മുസ്ലിയാരെ ബ്രിട്ടീഷ് പട്ടാളം ജയിലിലടച്ചതോടെ സമരം ആളിപ്പടരുകയായിരുന്നു. ഈ സമയത്താണ് എടക്കുളം ജുമാ മസ്ജിദിൽ കടന്ന് പ്രഥമ മുദർരിസ് കുഞ്ഞാലൻകുട്ടി മുസ്ലിയാരെയും നാട്ടുകാരായ ഒട്ടേറെ ദേശസ്നേഹികളെയും പട്ടാളക്കാർ അറസ്റ്റ് ചെയ്തത്.
എടക്കുളം റെയിൽവേ സ്റ്റേഷനിൽ പട്ടാളമിറങ്ങിയിട്ടുണ്ടെന്ന വാർത്ത പരന്നതോടെ ആണുങ്ങളെല്ലാം ഒളിവിൽ പോവുകയായിരുന്നു. ഇതിൽ ഒരുപറ്റം ആളുകൾ പള്ളിക്കകത്തെ ഒരു മുറിയിലും ചിലർ ഹൗദിനു മുകളിൽ പനമ്പുകൊണ്ട് നിർമിച്ച സീലിങ്ങിനു മുകളിലും ശ്വാസമടക്കി ഒളിച്ചിരിക്കുകയായിരുന്നുവത്രെ. പട്ടാളം പള്ളിയിൽ കയറി തിരഞ്ഞെങ്കിലും ആരെയും കാണാതെ തിരിച്ചുപോകുന്ന സമയത്ത് ഹൗദിനു മുകളിലായി ഇരുന്നവരിൽ ഒരാൾ ഭയന്നു വിറച്ച് താഴെ വെള്ളത്തിൽ വീണ ശബ്ദം കേട്ട് പട്ടാളം വീണ്ടും പള്ളിയിലേക്ക് ഇരച്ചുകയറി മുഴുവൻ പേരെയും പിടിച്ചു കൊണ്ടുപോവുകയാണത്രെ ഉണ്ടായത്.
ബെല്ലാരി ജയിലിലേക്ക് കൊണ്ടുപോയ ഇവരെ രണ്ടു വർഷത്തെ കഠിന തടവിനു ശിക്ഷിച്ചു. എടക്കുളത്ത് പുത്തൻപുരയിൽ മൊയ്തീൻ കുട്ടി, സി.പി. മാനുകുട്ടി, സി.പി. അഹമ്മദ് കുട്ടി, സി.പി. മൊയ്തീൻ ഹാജി, ചോലയിൽ രായിൻ എന്നിവർ ജയിൽ ശിക്ഷ അനുഭവിച്ചവരാണ്. ഇതിൽ ഇ.പി. മൊയ്തീൻ കുട്ടി, സി.പി. അഹമ്മദ് കുട്ടി ഉൾപ്പെടെ പലരും ജയിലിൽ മരിച്ചു. കോയമ്പത്തൂരിലെ സുക്കറാംപേട്ട് ഖബർസ്ഥാനിലാണ് ഇവരെ ഖബറടക്കിയിരിക്കുന്നത്. ബന്ധുക്കളായ പലരും മുൻകാലങ്ങളിൽ സിയാറത്തിനായി ഇവിടെ പോകാറുണ്ടായിരുന്നു. മടങ്ങിവന്നവരിൽ ചോലയിൽ രായിൻ ഉൾപ്പെടെ പലർക്കും പിന്നീട് സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള പെൻഷൻ അനുവദിച്ചു. സി.പി. മൊയ്തീൻ ഹാജിയെ 1988ൽ സ്വാതന്ത്ര്യത്തിെൻറ 40ാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി രാജീവ് ഗാന്ധി താമ്രപത്രം നൽകി ആദരിച്ചു.
എടക്കുളം മഹല്ല് നിലവിൽവരുന്നതിനു മുമ്പ് എടക്കുളത്തുകാർ മൂന്നാക്കൽ, കാനാഞ്ചേരി, വെട്ടത്ത് പുതിയങ്ങാടി എന്നീ മഹല്ലുകൾക്ക് കീഴിലായിരുന്നു. അവസാനമായി കൈത്തക്കര മഹല്ലിെൻറ ഭാഗമായിരിക്കുമ്പോൾ ഒരു വെള്ളിയാഴ്ച എടക്കുളം നിവാസികൾ എത്തിയപ്പോഴേക്കും കൈത്തക്കര ജുമാ മസ്ജിദിൽ നമസ്കാരം തുടങ്ങിയിരുന്നു. ഇതാണ് സ്വന്തമായൊരു മഹല്ല് എന്നതിലേക്ക് അന്നത്തെ കാരണവന്മാരെയെത്തിച്ചത്. തുടർന്ന് ഓലമേഞ്ഞ പള്ളിയിൽ അടുത്ത ആഴ്ചതന്നെ ജുമുഅ തുടങ്ങുകയായിരുന്നു. ഖാദി കാരണവന്മാരടങ്ങിയ സമിതിക്കായിരുന്നു അന്നത്തെ ഭരണം.
എടക്കുളം മഹല്ലിെൻറ ആത്മീയ നേതൃത്വം പൊന്നാനിയിലെ മഖ്ദൂമുമാർക്കായിരുന്നു. കണ്ണി മുറിയാത്ത ഈ ആത്മീയ പാരമ്പര്യം ഏന്തീൻ മഖ്ദൂം വരെയെത്തി. ഏന്തീൻ മഖ്ദൂമിനു ശേഷം സമസ്ത കേന്ദ്ര മുശാവറ അംഗം ഹാജി എൻ. അബൂബക്കർ മുസ്ലിയാർ 1955ൽ ഖാദിയായി ചുമതലയേറ്റു. 1975ൽ അബൂബക്കർ മുസ്ലിയാരുടെ വിയോഗത്തെത്തുടർന്ന് മുദർരിസായി സേവനം നടത്തിയിരുന്ന സി.എച്ച്. ഹൈദ്രോസ് മുസ്ലിയാർ ഖാദിയായി.
ലക്ഷദ്വീപിൽനിന്നടക്കമുള്ള കുട്ടികൾ മതപഠനം നടത്തിയിരുന്ന ഈ ദർസിൽനിന്ന് ഉയർന്നു വന്നതാണ് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലറായ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വിയെപ്പോലുള്ള പണ്ഡിതർ. പഴയ മസ്ജിദ് മൂന്നു പതിറ്റാണ്ടുകൾക്കു മുമ്പാണ് നവീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.