മാമാങ്ക സ്മാരകങ്ങൾക്ക് കടുത്ത അവഗണന
text_fieldsതിരുനാവായ: ഒരു വ്യാഴവട്ടത്തിനു മുമ്പ് സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച മലപ്പുറം ഡി.ടി. പി.സി.ക്കു കൈമാറിയ തിരുനാവായയിലെ മാമാങ്ക സ്മാരകങ്ങൾ കടുത്ത അവഗണന നേരിടുന്നതായി പരാതി. നിലപാടുതറ, മരുന്നറ, മണിക്കിണർ, പഴുക്കാമണ്ഡപം, ചങ്ങമ്പള്ളി കളരി എന്നിവയാണ് ഒരു കോടി രൂപ ചെലവിൽ നവീകരിച്ചത്. ഇതിന്റെ ദൈനംദിന സംരക്ഷണത്തിനും പരിചരണത്തിനുമായി കെയർ ടേക്കർക്കു പുറമെ സെക്യൂരിറ്റി, ക്ലീനിങ്ങ് ജീവനക്കാരെയും ഡി.ടി.പി.സി. നിയമിച്ച് മേൽനോട്ടം വഹിക്കുന്നുണ്ട്.
അതേസമയം, നിലപാടുതറയിലേക്ക് വഴിയില്ലാത്തതും ജീവനക്കാർക്കും സന്ദർശകർക്കും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഇല്ലാത്തതും ഏറെ പ്രയാസണ്ടാക്കുന്നു. ഇത് ഡി.ടി.പി.സി.യുടെ പരിധിക്കു പുറത്തായതിനാൽ ഇവ ഒരുക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സാംസ്കാരിക സംഘടനയായ റി എക്കൗയുടെ പ്രതിനിധി താരിഖ് അൻവർ യുവജന കമ്മീഷന് നിവേദനം നൽകിയിരുന്നു. ഇതേതുടർന്ന് കൊടക്കൽ നിലപാടുതറയിലേക്ക് വഴി തുറക്കണമെന്നും പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമൊരുക്കണമെന്നും ആറുമാസം മുമ്പ് കമ്മീഷൻ പുരാവസ്തു വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. പക്ഷേ, ഒന്നും നടന്നില്ല.
ഇതിനിടയിൽ കാറ്റിൽ പാറിപ്പോയ പഴുക്കാമണ്ഡപത്തിൻെറ മേൽക്കൂരയിലെ ഓടുകൾ പഴശ്ശിരാജ മ്യൂസിയം ക്യൂറേറ്ററുടെ മേൽനോട്ടത്തിൽ പുനഃസ്ഥാപിച്ചിരുന്നു. വിദ്യാർഥികളും ഗവേഷകരും എഴുത്തുകാരുമടക്കം സംസ്ഥാനത്തിൻെറ നാനാഭാഗങ്ങളിൽ നിന്നായി സന്ദർശകരെത്തുന്ന മാമാങ്ക സ്മാരകമായ നിലപാടുതറക്കായി നിർണയിച്ച 22 സെൻറ് സ്ഥലം പൂർണമായി ഏറ്റെടുത്ത് വികസന സൗകര്യങ്ങളും വഴിയും ഒരുക്കാത്തതിനാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുകൂടി നിലപാടുതറയിലെത്തേണ്ടതായ ഗതികേടാണുള്ളത്. സന്ദർശകരിൽ നല്ലൊരു വിഭാഗം സ്തീ വിഭാഗമായതിനാൽ പ്രാഥമികാവ്യത്തിന് സൗകര്യമൊരുക്കാത്തത് പലപ്പോഴും ഏറെ പ്രയാസമുണ്ടാക്കുന്നു. സന്ദർശനം വിനോദ സഞ്ചാരത്തിന്റെ ഭാഗം കൂടിയായതിനാൽ സംസ്ഥാന ടൂറിസം വകുപ്പും ഇക്കാര്യത്തിൽ സത്വര ശ്രദ്ധ പതിപ്പാക്കുമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയു പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.