കൈത്തക്കരയിൽ നാട്ടുകൂട്ടം ഒരുക്കിയ മാതൃക ബൂത്തുകൾ വിസ്മയമായി
text_fieldsതിരുനാവായ: ഓരോ തെരഞ്ഞെടുപ്പുകൾ വരുമ്പോഴും വ്യത്യസ്തമായ പ്രചാരണ പ്രവർത്തനങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും ആവേശമുണർത്തുന്നവരാണ് കൈത്തക്കരയിലെ നാട്ടുകൂട്ടം. ഇത്തവണയും വേറിട്ട പ്രവർത്തനങ്ങൾ നടത്തി മാതൃക ബൂത്തുകൾ ഒരുക്കിയിരിക്കുകയാണവർ. അനന്താവൂർ വില്ലേജിലെ കൈത്തക്കര ജി.എം.എൽ.പി സ്കൂളിലെ 149, 150 പോളിങ് ബൂത്തുകളാണ് മാതൃക ബൂത്തുകളാക്കി നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. വോട്ടർമാർക്ക് വിസ്മയമായി സ്കൂൾ കവാടത്തിൽ കൈതോലപ്പായയിലാണ് സ്വാഗത ബോർഡ് എഴുതിവെച്ചിട്ടുള്ളത്. ക്ഷീണമകറ്റാൻ വലിയ സ്റ്റീൽ പാത്രത്തിൽ തിളപ്പിച്ചാറിയ വെള്ളവും ശീതീകരിച്ച സംഭാരവും രാവിലെ ചായയും ഒരുക്കിയിരുന്നു. പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ച ഈ ബൂത്തുകളിൽ മനോഹരമായ വിധത്തിൽ സൂചന ബോർഡുകളെല്ലാം എഴുതിവെച്ചിരുന്നത് വോട്ടർമാരിൽ കൗതുകമുളവാക്കുന്ന വിധത്തിലായിരുന്നു.
ബൂത്തുകളിൽ കവാടം മുതൽ തന്നെ വൈദ്യുതി ബൾബുകളും കുരുത്തോല തോരണങ്ങളും കൂടാതെ മേലാപ്പ് കെട്ടിയതും ശ്രദ്ധേയമായി. വർണശബളമായ അലങ്കാരങ്ങൾ കൊണ്ടും വ്യത്യസ്തമായ ചിന്താഗതിയിലൂടെയും വേറിട്ട കാഴ്ചപ്പാടുകളിലൂടെയുമാണ് മാതൃകബൂത്തുകൾ ഒരുക്കിയിരുന്നത്. തീർന്നില്ല, കൈക്കുഞ്ഞുങ്ങളുമായി എത്തിയ അമ്മമാർക്ക് കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ വരെ സൗകര്യങ്ങളും കുട്ടികൾക്ക് കളിക്കുന്നതിന് സൈക്കിളുകളും നടക്കാൻ കഴിയാത്തവർക്ക് വീൽചെയറും ആംബുലൻസും ഒരുക്കിയിരുന്നു. വോട്ടർമാർക്ക് ഇരിക്കാനും ഫാനുകളും സജ്ജീകരിച്ചിരുന്നു.
രാഷ്ട്രീയ കാഴ്ചപ്പാടുകൾ മാറ്റിവെച്ച് ഒരുകൂട്ടം ചെറുപ്പക്കാരും നാട്ടിലെ മുതിർന്നവരും ചേർന്ന് അനന്താവൂർ വില്ലേജ് ഓഫിസർ പ്രവീണിന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിലുള്ള കൂട്ടായ്മയിലൂടെ ഒരു നാടിന്റെ സ്നേഹവും സൗഹാർദവും പ്രകടിപ്പിക്കുകയായിരുന്നു ഇവിടെ. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളിലും സമാനമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാൻ പ്രദേശത്തുകാർ ശ്രദ്ധ ചെലുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.