തിരുനാവായയിൽ തെരുവുനായ് ആക്രമണം; ജനം പരിഭ്രാന്തിയിൽ
text_fieldsതിരുനാവായ: ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ്ക്കളുടെ അക്രമം വർധിച്ചുവരുന്നത് ജനത്തെ പരിഭ്രാന്തിയിലാക്കി.
വളർത്തുമൃഗങ്ങളെയും പക്ഷികളെയും പതിവായി അക്രമിച്ചിരുന്ന നായ്ക്കൾ ഇപ്പോൾ കുട്ടികളുടെയും മുതിർന്നവരുടെയും നേരെ തിരിഞ്ഞതിനാൽ അത്യാവശ്യത്തിനു പോലും തനിച്ച് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്.
സൗത്ത് പല്ലാറിലും പട്ടർനടക്കാവിലും നാല് വയസ്സുള്ള രണ്ട് കുട്ടികളെയാണ് മുഖത്തും മറ്റും കടിച്ച് വികൃതമാക്കിയത്. പട്ടർനടക്കാവിൽ പ്രഭാത സവാരി നടത്തുന്ന ആളാണ് നായുടെ ആക്രമണത്തിന് വിധേയനായത്. തൊട്ടടുത്ത തലക്കാട് പഞ്ചായത്തിലെ തെക്കൻ കുറ്റൂരിലും രണ്ട് കുട്ടികൾക്കും കഴിഞ്ഞ ദിവസം നായ്ക്കളുടെ അക്രമത്തിൽ സാരമായി പരിക്കേറ്റിരുന്നു.
രാപകൽ ഭേദമില്ലാതെ എവിടെ തിരിഞ്ഞാലും പാതയോരങ്ങളെല്ലാം നായ്ക്കൾ കൈയടക്കിയ സ്ഥിതിയാണ്. ഇതു മൂലം സ്കൂളിലേക്കും മദ്റസയിലേക്കും പോവുകയും വരികയും ചെയ്യുന്ന കുട്ടികളെ അനുഗമിക്കേണ്ട ഗതികേടിലാണ് രക്ഷിതാക്കൾ. പുലർച്ച ആരാധനാലയങ്ങളിൽ പോകുന്നവർ വലിയ വടികൾ കൈയിൽ കരുതും.
ബൈക്ക് യാത്രികർക്കും മറ്റുമുള്ള ശല്യവും ചില്ലറയല്ല. അധികൃതരോട് പറഞ്ഞിട്ട് ഒരു പ്രതികരണവുമില്ല. ഈ സാഹചര്യത്തിൽ ഉപദ്രവകാരികളായ തെരുവുനായ്ക്കളെ പിടികൂടി തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക കൂട്ടിലിട്ട് സംരക്ഷിക്കണമെന്ന് സർക്കാർ നിർദേശിച്ചിരുന്നു. അതു നടപ്പാക്കാത്ത പഞ്ചായത്തുകൾ കണ്ടെത്തി സത്വര നടപടികൾ സ്വീകരിക്കണമെന്നാണ് ജനകീയ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.