വിദ്യാർഥികളെ കൊണ്ടുപോകുന്ന വാനിന്റെ ടയർ ഊരിത്തെറിച്ചു; വഴിമാറിയത് വൻ ദുരന്തം
text_fieldsതിരുനാവായ: വിദ്യാർഥികളെ കൊണ്ടു പോകുന്ന സ്വകാര്യ വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു. വിദ്യാർഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുനാവായ എടക്കുളം സലഫി മസ്ജിദിന് സമീപമാണ് സംഭവം. വ്യാഴാഴ്ച രാവിലെ 9.15 ഓടെ വിദ്യാർഥികളുമായി എം.ഇ.എസ് സെൻട്രൽ സ്കൂളിലേക്ക് പോകുകയായിരുന്ന ഒമ്നി വാനാണ് അപകടത്തിൽപ്പെട്ടത്. വാനിന്റെ പിറകിലെ ടയർ ഊരി തെറിക്കുകയായിരുന്നു. ആക്സിൽ മുറിഞ്ഞ് ടയർ ഊരി തെറിച്ച വാൻ പിറകിലോട്ട് താഴ്ന്നു. ഇതോടെ കുട്ടികൾ കൂട്ടത്തോടെ ബഹളം വെക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ വാഹനത്തിൽനിന്ന് വിദ്യാർഥികളെ സുരക്ഷിതമായി പുറത്തിറക്കി. നിയന്ത്രണം വിട്ട് മറിയാത്തത് കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. അപകടത്തിൽനിന്ന് രക്ഷപ്പെട്ട വിദ്യാർഥികളെ ഓട്ടോറിക്ഷകളിലാണ് പിന്നീട് സ്കൂളിലേക്ക് കൊണ്ടു പോയത്.
അപകടകരമായ അവസ്ഥയിൽ രേഖകൾ പോലും കാലഹരണപ്പെട്ട സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോകുന്നത് തടയണമെന്നും ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കാൻ മോട്ടോർ വാഹന വകുപ്പും പൊലീസും തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.