പാലത്തുംകുണ്ട് നീർത്തട വികസനം; ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
text_fieldsതിരുനാവായ: സൗത്ത് പല്ലാറിലെ പല്ലാർ പാലത്തും കുണ്ട് നീർത്തടം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഒരേക്കറിലധികം സ്ഥലത്തുള്ള ഈ ജലാശയത്തിലൂടെയാണ് തിരൂർ പുഴയുടെ ഭാഗമായ വാലില്ലാ പുഴ ഒഴുകുന്നത്. നിലവിൽ ജലാശയത്തിന്റെ മൂന്നുഭാഗവും കാടുപിടിച്ച അവസ്ഥയിലാണ്. ഇവിടെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലം കൃത്യമായി അളന്നു തിരിച്ചിട്ടുമില്ല. ജലാശയം ഉപയോഗയുക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസിയും അധ്യാപകനുമായ കരിമ്പനക്കൽ സൽമാൻ നവകേരള സദസ്സിൽ നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് തിരൂർ മൈനർ ഇറിഗേഷൻ വകുപ്പ് ഓവർസീയർമാരായ പി.പി. ഷൗക്കത്തലി, എം. അബ്ദുൽ നസീർ എന്നിവർ റിപ്പോർട്ട് തയാറാക്കാൻ സ്ഥലത്തെത്തിയത്.
ജലാശയത്തിന്റെ രണ്ട് ഭാഗങ്ങളിലായുള്ള സൗത്ത് പല്ലാർ, വാവൂർ കുന്ന് പ്രദേശങ്ങളെ ബന്ധിപ്പിച്ച് 1989-90 ൽ വാർഡ് അംഗമായിരുന്ന കരിമ്പനക്കൽ മൂസക്കുട്ടി മുൻകൈയെടുത്ത് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കോൺക്രീറ്റ് നടപ്പാത നിർമിച്ചിരുന്നു. രണ്ട് പ്രദേശങ്ങളിലുള്ള വിദ്യാർഥികളടക്കമുള്ളവർ ഇതിലൂടെയാണ് സഞ്ചരിക്കുന്നത്. ഇവിടെ വെള്ളക്കെട്ടായതിനാൽ അപകട സാധ്യതയേറെയാണ്. കഴിഞ്ഞ നവംബർ ഒന്നിന് ഒരു കുട്ടി ഇവിടെ വീണ് മരണപ്പെട്ടിരുന്നു.
അതിനാൽ ഇവിടെ സംരക്ഷണ ഭിത്തികൾ നിർമിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കൂടാതെ ഇതിലുടെയുള്ള നടപ്പാത വീതി കൂട്ടി വാഹന ഗതാഗതത്തിന് സൗകര്യമാക്കണമെന്നും ആവശ്യമുണ്ട്. 1991 ൽ ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് വി.സി.ബിയും നിർമിച്ചിട്ടുണ്ട്. അത് ഈ വർഷം പുനർ നിർമിച്ചു. ഇവയെല്ലാം പരസ്പരം ബന്ധിപ്പിച്ച് കോൺക്രീറ്റ് ചുറ്റുമതിൽ കെട്ടിയാൽ വർഷം മുഴുവൻ വെള്ളം കെട്ടി നിർത്താൻ പറ്റുന്ന രീതിയിൽ ജലസംഭരണിയായി സംരക്ഷിക്കാനും സാധിക്കും. ഇതിലൂടെ നെൽ കൃഷിക്കും ജലസേചനത്തിനും കുടിവെളള ക്ഷാമത്തിനും ഒരു പരിധി വരെ പരിഹാരമാകും. കൂടാതെ സർക്കാറിന് കീഴിലുള്ള പൊതു നീന്തൽ പരിശീലന കുളമായി വളർത്തിയെടുക്കാനും സാധിക്കുമെന്ന് നിവേദനത്തിൽ പറയുന്നു. സർക്കാറിൽ നിന്ന് ഫണ്ട് ലഭ്യമാകുന്ന മുറക്ക് വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.