തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫിസ് പുതുമോടിയിൽ
text_fieldsതിരൂരങ്ങാടി: മലബാർ സ്വാതന്ത്ര്യ സമരത്തിന്റെയും കൊളോണിയൽ അധിനിവേശകാലഘട്ടത്തിന്റെ ചരിത്രമുറങ്ങുന്ന തിരൂരങ്ങാടിയിലെ സബ് രജിസ്ട്രാർ ഓഫിസിന്റെ ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികൾ പൂർത്തിയായി. സബ് രജിസ്ട്രാർ ഓഫിസിന്റെയും മലപ്പുറം ജില്ലാ പൈതൃക മന്ദിരമായ ഹജൂർ കച്ചേരിയുടെയും സജ്ജീകരണോദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. നാല് കോടിരൂപ മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന ജില്ലാ പൈതൃക മ്യൂസിയം ജില്ലയുടെ കാർഷിക, സാംസ്കാരിക, രാഷ്ട്രീയ, ഭൂമി ശാസ്ത്ര ജീവിതങ്ങളുടെ നാൾവഴികളും ബ്രിട്ടീഷ് കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ ത്യാഗോജ്ജല സ്മരണകളും തലമുറകൾക്ക് പകരുന്നതാവും. മ്യൂസിയം സജീകരണത്തിനു മുന്നോടിയായി സംരക്ഷിത സ്മാരകമായ ഹജൂർ കച്ചേരി മന്ദിരത്തിന്റെ സമഗ്ര സംരക്ഷണ പ്രവർത്തനങ്ങൾക്ക് 58 ലക്ഷം രൂപയാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ചെലവഴിച്ചത്. 1792 കാലഘട്ടത്തിൽ മലബാറിൽ കോളനി ഭരണം സംയോജിപ്പിക്കാൻ ബ്രിട്ടീഷുകാർ നിർമിച്ചതായിരുന്നു ഹജൂർ കച്ചേരി. അന്ന് ബംഗ്ലാവായി പ്രവർത്തിച്ചിരുന്ന കെട്ടിടവും നിലവിൽ തിരൂരങ്ങാടി സബ് രജിസ്ട്രർ ഓഫിസായി പ്രവർത്തിക്കുന്ന കെട്ടിടവും ഹജൂർ കച്ചേരിയും 2013ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. കാലങ്ങളായി ഇതിന്റെയെല്ലാം പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, കെ.പി.എ. മജീദ് എം.എൽ.എ തുടങ്ങിയവരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.