വിട വാങ്ങിയിട്ട് 27 വർഷം; ഗാനങ്ങളിൽ ജീവിച്ച് എ.വി. മുഹമ്മദ്
text_fieldsതിരൂരങ്ങാടി: മലയാളി മനസ്സുകൾക്ക് മറക്കാനാവാത്ത നിരവധി മാപ്പിളപ്പാട്ടുകൾ സമ്മാനിച്ച തിരൂരങ്ങാടിയിലെ എ.വി. മുഹമ്മദ് ഓർമയായിട്ട് 27 വർഷം. 'പരൻ വിധിച്ചുമ്മാ വിട്ട് ചൊങ്കില് നടക്കുന്ന ശുജഅത്ത് നമുക്കുണ്ട് നാട്ടില്‍' തുടങ്ങിയ നിരവധി ഗാനങ്ങൾ സമ്മാനിച്ച എ.വി ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്നു.
കല്യാണ വീടുകളിലും നിരത്തുകളിലും മാപ്പിളപ്പാട്ടുകളുടെ തരംഗം സൃഷ്ടിച്ചതാണ് എ.വിയെ ആസ്വാദകർക്ക് പ്രിയങ്കരനാക്കിയത്. ഹാർമോണിസ്റ്റും പാട്ടുകാരനുമായിരുന്ന കുഞ്ഞുമൊയ്തീെൻറയും മമ്മതുമ്മയുടെയും മകനായി ജനിച്ച എ.വിക്ക് ആദ്യം ഹോട്ടൽ വ്യാപാരമായിരുന്നു.
സംഗീത സംവിധായകൻ എം.എസ്. ബാബുരാജുമായുള്ള അടുത്ത ബന്ധം വഴിത്തിരിവായി. എം.എസ്. ബാബുരാജ്, കെ.ടി. മുഹമ്മദ്, കെ.ടി. മൊയ്തീൻ, എ.വി കൂട്ടുകെട്ട് നിരവധി അവിസ്മരണീയ ഗാനങ്ങൾ തീർത്തു. 'പകലൽ നിശാനി ആലം' എന്ന ഗാനത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ കൂട്ടുകെട്ടിൽ 60ൽപരം ഹിറ്റുകളാണ് പിറന്നത്. ഇദ്ദേഹത്തിെൻറ 60ൽപരം ഗ്രാമഫോൺ റെക്കോഡുകൾ പുറത്തിറക്കിയിട്ടുണ്ട്. എഴുപതുകളിൽ ബാബുരാജുമൊത്ത് നിരവധി ഗൾഫ് പരിപാടികൾ നടത്തി. 27 വർഷം മുമ്പ് ബലിപെരുന്നാൾ തലേന്നാണ് എ.വി മരിച്ചത്. സംഗീത നാടക അക്കാദമി 1984ൽ നൽകിയ ആദരവ് ഒഴിച്ചുനിർത്തിയാൽ മറ്റ് അംഗീകാരങ്ങളൊന്നും ലഭിച്ചിട്ടില്ല. സ്മാരകം എന്ന സ്വപ്നം ഇന്നും കടലാസിൽ ഒതുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.