നൂറ്റാണ്ടുകളെ ഉള്ളിലൊതുക്കിയൊരു വീട്
text_fieldsതിരൂരങ്ങാടി: വീട്ടിലേക്ക് ആദ്യമായി ആര് വന്നാലും ഒന്ന് ചിന്തിക്കും, ഇത് വീടോ മ്യൂസിയമോ എന്ന്. ഇവരെ കുറ്റം പറയാനാകില്ല.
അത്രത്തോളമുണ്ട് തെന്നല പഞ്ചായത്ത് 12ാം വാർഡ് കറുത്താൽ ചാൽപാറ സ്വദേശി 49കാരനായ മാന്തടത്തിൽ അബ്ദുൽ അസീസിെൻറ വീട്ടിലെ പുരാവസ്തു ശേഖരം. ഒന്നും രണ്ടുമല്ല ചെറുതും വലുതുമായി അയ്യായിരത്തോളം പുരാവസ്തുക്കളാണ് വീട്ടിലെ ഹാളിലും ഡൈനിങ് ടേബിളിലും അതിഥിറൂമിലും വീടിനുമുകളിലുമായി പ്രത്യേകം ചുമരിലും അലമാരകളിലുമായി സൂക്ഷിച്ചിരിക്കുന്നത്.
19ാം വയസ്സിലാണ് അബ്ദുൽ അസീസ് ഖത്തറിലേക്ക് ജോലിക്ക് പോയത്. അവിടെ നിന്ന് വിവിധ രാജ്യങ്ങളുടെ കോയിനും സ്റ്റാമ്പും ശേഖരിച്ചാണ് തുടക്കം. ഈജിപ്ത്, ലെബനൻ, സിറിയ, അഫ്ഗാൻ, കുവൈത്ത്, യു.എ.ഇ, ആഫ്രിക്ക, മലേഷ്യ, പാകിസ്താൻ, ജർമൻ എന്നീ രാജ്യങ്ങളിലെ 200 വർഷം പഴക്കംചെന്ന വസ്തുക്കൾവരെ ശേഖരത്തിലുണ്ട്. കൂടാതെ കാശുകൊടുത്ത് കേരളത്തിെൻറ അങ്ങോളമിങ്ങോളം പഴക്കം ചെന്ന വീടുകളിൽ നിന്ന് ശേഖരിച്ച വൈവിധ്യമാർന്ന വസ്തുക്കൾ വേറെയും. പിച്ചളയിൽ കൊത്തിയ ഖുർആനിലെ സൂറത്ത് യാസീൻ, 30 പഴയ കാമറ, ഗ്രാമഫോണിന് മുമ്പും ശേഷവുമുള്ള 30ഓളം ടാപ്പുകൾ, 50ഓളം രാജ്യങ്ങളിലെ പഴയ നാണയങ്ങൾ, ഘടികാരങ്ങൾ, വാച്ചുകൾ, മാർബിളിൽ ഉള്ള കപ്പ്, പാത്രങ്ങൾ, ജഗ്ഗുകൾ പലതരം, വിളക്കുകൾ, സംഗീത ഉപകരണങ്ങൾ തുടങ്ങി 200 മുതൽ 300 വർഷം വരെ കാലപഴക്കം ചെന്ന വസ്തുക്കൾ ശേഖരത്തിന് ഭംഗികൂട്ടുന്നു.
കേരളത്തിൽ രാജഭരണ കാലത്ത് വീട്ടിലെ പണിക്കാർക്ക് കറി നൽകിയിരുന്ന ഒന്നരമീറ്റർ മരം കൊണ്ടുള്ള പാത്രമാണ് ശേഖരത്തിലെ ഏറ്റവും പഴക്കം ചെന്നത്. 300 വർഷം പഴക്കമാണ് അതിന് കണക്കാക്കുന്നത്.
കൂടാതെ ആഫ്രിക്കൻ ഗോത്ര വർഗക്കാരുടെ പഴയകാല സംഗീത ഉപകരണവും കൗതുകമാണ്. വിവിധ രാജ്യക്കാരിൽ നിന്ന് സ്വന്തമാക്കിയ പഴയ വസ്തുക്കളും ശേഖരത്തിന് കൗതുകവും ഭംഗിയും കൂട്ടുന്നു.
കൗതുകമായ വസ്തുക്കൾ കാണാൻ ദിനംപ്രതി ചാൽ പാറയിലെ വീട്ടിലേക്ക് നിരവധി ആളുകൾ എത്തുന്നുണ്ട്. ഖത്തറിൽ ടൈലറിങ് ഷോപ്പ് നടത്തുന്ന അബ്ദുൽ അസീസ് ഇപ്പോൾ ലോക്ഡൗണിൽ കുടുങ്ങി നാട്ടിലാണ്. ഭാര്യ: സുബൈദ. മക്കൾ: അഹമ്മദ് സുലൈഖ്, ഉമ്മുഹബീബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.