അപകടം തുടർക്കഥയായ ദേശീയപാത
text_fieldsതിരൂരങ്ങാടി: ദേശീയപാതയിൽ അടിക്കടി ഉണ്ടാക്കുന്ന അപകടങ്ങളിൽ ഭീതിയിലാണ് യാത്രകാരും ഡ്രൈവർമാരും. ദേശീയപാത തലപ്പാറയിൽ ഞായറാഴ്ച രാത്രി 11ഓടെ തൊട്ടിൽപാലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ടിരുന്നു. നിരവധി യാത്രക്കാരുണ്ടായിരുന്ന ബസിൽ നിസാര പരിക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു. അപകടം നടന്ന ഇതേ സ്ഥലത്ത് മാസങ്ങൾക്ക് മുമ്പ് മറ്റൊരു കെ.എസ്.ആർ.ടി.സി ബസ് അപകടത്തിൽപെട്ട് നിരവധി ആളുകൾക്ക് പരിക്കേറ്റിരുന്നു.
ദേശീയപാത നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുമ്പോഴും കോട്ടക്കൽ മുതൽ രാമനാട്ടുകര വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലും വളവും തിരിവും ഉള്ള ഇടങ്ങളിൽ ഗതാഗതം ദുസ്സഹമാണ്. മതിയായ സൂചന ബോർഡുകളും വെളിച്ചവും ഇല്ലാത്തതും ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ചരൽക്കല്ലുകളും മണ്ണുകളും റോഡിൽ അടിഞ്ഞു കൂടിയതും വാഹനങ്ങൾ തെന്നിമറിയുന്നതിനു കാരണമാകുന്നു.
ദിവസങ്ങൾക്കു മുമ്പ് പടിക്കലിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചിരുന്നു. മേഖലയിൽ ഡസൻ കണക്കിന് അപകടങ്ങളാണ് നിരന്തരമായി നടക്കുന്നത്. സർവിസ് റോഡുകൾ വേണ്ടത്ര വലിപ്പം ഇല്ലാത്തതും സമീപത്തുള്ള ഭീമൻ ഡിവൈഡറുകളും അപകടങ്ങൾ വിളിച്ചു വരുത്തുന്നുണ്ട്. നിർമാണ കമ്പനിയായ കെ.എൻ.ആർ.സിക്ക് ഇതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിത്യസ്ത യുവജന സംഘടനകൾ സമീപിച്ചെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
ഞായറാഴ്ച അർധരാത്രി അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി ബസ് തലപ്പാറ കഴിഞ്ഞ ഉടനെ ശബ്ദം കേൾക്കുകയും ഉടനെ ബ്രേക്ക് നഷ്ടപ്പെടുകയും ചെയ്യുകയാണ് ഉണ്ടായത്. നാട്ടുകാരും പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാരും മറ്റു യാത്രക്കാരും ചേർന്നാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിന്നീട് ഫയർഫോഴ്സും പൊലീസും എത്തി.
റിഫ്ലക്ടറുകളും ഡിവൈറുകളും സ്ഥാപിച്ചും സൂചന ബോർഡുകളും ലൈറ്റുകളും പ്രകാശിപ്പിച്ചും റോഡിലൂടെയുള്ള യാത്ര സുഗമമാക്കാൻ ദേശീയപാത നിർമാണ കമ്പനി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.