രാത്രിയിലെ റോഡപകടങ്ങൾ കുറക്കാൻ ബോധവത്കരണവുമായി ഉദ്യോഗസ്ഥർ ടർഫുകളിലേക്ക്
text_fieldsതിരൂരങ്ങാടി: രാത്രികാല റോഡപകടങ്ങൾ കുറക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ടർഫുകളിലേക്ക്. ജില്ലയിലെ നിരത്തുകളിൽ വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറക്കുക, നിരത്തുകളിൽ യുവാക്കളുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന കായിക ഇനമായ ഫുട്ബാളിെൻറ ടർഫുകൾ കേന്ദ്രീകരിച്ചാണ് ബോധവത്കരണം നൽകുന്നത്.
രാത്രി ടർഫുകളിൽ ഫുട്ബാൾ കളിക്കാൻ നിരവധി യുവാക്കളാണ് എത്തുന്നത്. കളി കഴിഞ്ഞ് പോകുന്നവർ ഒഴിഞ്ഞ് കിടക്കുന്ന റോഡിൽ അമിത ശബ്ദത്തോടെയും അഭ്യാസ പ്രകടനത്തോടെയും വാഹനമോടിക്കുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്.
ഹെൽമറ്റില്ലാതെയും മൂന്നാളെ വെച്ചുമുള്ള ഇരുചക്ര വാഹനയാത്രയും പതിവാണ്. ഇത്തരം രീതികളിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ടർഫിലെത്തുന്നത്.
ടർഫുകൾക്ക് സമീപത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിെൻറ പരിശോധനയും നടക്കും. നിയമലംഘനം കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം.
ജില്ല എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിെൻറ നേതൃത്വത്തിലാണ് ടർഫുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം നൽകുന്നത്.
ജില്ലയിൽ യുവാക്കൾ അപകടത്തിൽപെടുന്നത് വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ബോധവത്കരണമെന്ന് കെ.കെ. സുരേഷ് കുമാർ പറഞ്ഞു. തിരൂരങ്ങാടി, മലപ്പുറം, നിലമ്പൂർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടന്ന ബോധവത്കരണ ക്ലാസുകൾക്ക് സുരേഷ് കുമാറിന് പുറമെ എം.വി.ഐമാരായ ഡാനിയൽ ബേബി, ബി. ഷാജഹാൻ, എ.എം.വി.ഐ കെ.ആർ. ഹരിലാൽ എന്നിവരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.