തിരൂരിൽ ഇന്ന് ബസ് പണിമുടക്ക്
text_fieldsതിരൂർ: തിരൂർ ബസ് സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ചും നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം ബസുകൾക്ക് സർവിസ് നടത്താൻ കഴിയാത്തതിലും റോഡുകളുടെയും പാലങ്ങളുടെയും പണി പൂർത്തിയാക്കാത്തതിനുമെതിരെ ബുധനാഴ്ച തിരൂരിൽ സംയുക്ത ബസ് തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക് നടത്തും. പണിമുടക്കുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് അധികാരികൾക്ക് നോട്ടീസ് നൽകിയിട്ടും ചർച്ചക്ക് വിളിച്ച് വിഷയം പരിഹരിക്കാൻ പോലും അധികാരികൾ തയാറായില്ലെന്ന് യൂനിയൻ നേതാക്കൾ ആരോപിച്ചു. തിരൂർ ബസ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന മുഴുവൻ ബസുകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് സംയുക്ത തൊഴിലാളി യൂനിയൻ നേതാക്കൾ പറഞ്ഞു.
‘പണിമുടക്ക് പിൻവലിക്കണം’
തിരൂർ: ജനജീവിതം ദുസ്സഹമാക്കുന്ന സമരത്തിൽനിന്ന് ബസ് ഉടമകൾ പിന്മാറണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. ബസ് സമരത്തിന് കാരണമായി ആവശ്യപ്പെടുന്ന പൊതു ശൗചാലയം മാസങ്ങളായി അടഞ്ഞുകിടക്കുന്നത് കാരണം പൊതുജനങ്ങൾക്ക് വളരെയധികം പ്രയാസങ്ങൾ നേരിടുന്നുണ്ട്. നഗരസഭ അധികൃതർ എത്രയും വേഗത്തിൽ ശൗചാലയം തുറന്നുകൊടുക്കണമെന്നും പൊട്ടിപ്പൊളിഞ്ഞ റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കണമെന്നും തിരൂരിന്റെ ശാപമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും വെൽഫെയർ പാർട്ടി മന്നറിയിപ്പ് നൽകി.
യോഗത്തിൽ മുനിസിപ്പൽ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. മീഡിയ കൺവീനർ കെ.വി. ഹനീഫ, സൈനുദ്ദീൻ, പി.വി. കുഞ്ഞിമൊയ്ദീൻ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ സെക്രട്ടറി ടി.കെ. അഷ്റഫലി സ്വാഗതവും അസി. സെക്രട്ടറി കെ. അബ്ദുനാസിർ നന്ദിയും പറഞ്ഞു.
ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ ഇന്ന് തുറക്കും -നഗരസഭ ചെയർപേഴ്സൻ
തിരൂർ: അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അടച്ച തിരൂർ ബസ് സ്റ്റാൻഡിലെ ശൗചാലയം ബുധനാഴ്ച മുതൽ തുറക്കുമെന്ന് തിരൂർ നഗരസഭ ചെയർപേഴ്സൻ എ.പി. നസീമ പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ മാലിന്യ സംസ്കരണ കേന്ദ്രം പ്രവർത്തനയോഗ്യമാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ മാസം അവസാനത്തോടെ മാലിന്യസംസ്കരണ കേന്ദ്രത്തിന്റെ പണി പൂർത്തിയാകുമെന്നും അതോടെ ശൗചാലയത്തിലെ മാലിന്യം അവിടെ വെച്ചുതന്നെ സംസ്കരിക്കാനാകുമെന്നും ചെയർപേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.