വൃക്ക രോഗികൾക്കായി കൗൺസിലർമാരുടെ സേവന ബസ് യാത്ര; സമാഹരിച്ചത് കാൽ ലക്ഷം രൂപ
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ വൃക്കരോഗികളുടെ ചികിത്സക്കായി ചെയർമാെൻറ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ കൗൺസിലർമാർ ബസ് സർവിസ് നടത്തി. സേവനയാത്രയിലൂടെ 23,200 രൂപ സമാഹരിച്ചു.
തുക ചെയർമാെൻറ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. അംഗങ്ങളായ കരിപറമ്പത്ത് സൈതലവി, സി.എച്ച്. അജാസ്, പി.കെ. മഹ്ബൂബ്, അലിമോൻ തടത്തിൽ എന്നിവരാണ് ഒരു ദിവസത്തേക്ക് ബസ് തൊഴിലാളികളുടെ കുപ്പായമണിഞ്ഞത്. കക്കാട് കെ.എം. മുഹമ്മദ് എന്ന കെ.എം.ടി. കാക്ക സ്വന്തം ബസ് ജനസേവനത്തിനായി വിട്ടുനൽകി.
ബസിലേക്കുള്ള ഇന്ധനം യൂത്ത് ലീഗും യൂത്ത് കോൺഗ്രസും സംയുക്തമായി നൽകി. ശനിയാഴ്ച രാവിലെ 6.20നാണ് കോട്ടക്കൽ-കോഴിക്കോട് റൂട്ടിൽ സേവനയാത്ര നടത്തിയത്. കക്കാട് കെ.പി മുഹമ്മദ് കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
ഡെപ്യൂട്ടി ചെയർപേഴ്സൻ സി.പി. സുഹ്റാബി അധ്യക്ഷത വഹിച്ചു. യാത്രക്കാരിൽനിന്ന് ടിക്കറ്റ് ഇനത്തിലും സംഭാവന ഇനത്തിലുമാണ് പണം സ്വരൂപിച്ചത്. കൗൺസിലർമാരായ സൈതലവി ഡ്രൈവറും അലിമോൻ തടത്തിൽ കണ്ടക്ടറും അജാസ് ക്ലീനറും മഹ്ബൂബ് ചെക്കറുമായിരുന്നു.
നഗരസഭ ചെയർമാെൻറ ദുരിതാശ്വാസ നിധിയിൽനിന്ന് 30 വൃക്ക രോഗികൾക്ക് സഹായം നൽകുന്നുണ്ട്. കൂടുതൽ രോഗികളിലേക്ക് സഹായം നൽകുന്നതിനാണ് പുതു ദൗത്യം ഏറ്റെടുത്തത്. പലയിടങ്ങളിലായി യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ യാത്രക്ക് സ്വീകരണവും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.