പുതുവത്സര രാവിൽ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്: പിഴ 4.10 ലക്ഷം
text_fieldsതിരൂരങ്ങാടി: പുതുവത്സര രാവിൽ അപകടങ്ങൾ ഒഴിവാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്. ട്രാൻസ്പോർട്ട് കമീഷണറുടെ നിർദേശപ്രകാരം ആർ.ടി.ഒ സി.വി.എം ഷരീഫിന്റെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകളിൽപെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ജില്ലയിലെ എല്ലാ താലൂക്കിലെയും പ്രധാന റോഡുകൾ, ദേശീയ-സംസ്ഥാന ഗ്രാമീണ പാതകൾ, പ്രധാന നഗരങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഡിസംബർ 31ന് വൈകീട്ട് അഞ്ച് മുതൽ പട്രോളിങ്ങും പരിശോധനയും ശക്തമാക്കിയത്. വൈകീട്ട് തുടങ്ങിയ പരിശോധന പുലർച്ച ആറുവരെ നീണ്ടുനിന്നു.
മദ്യപിച്ച് വാഹനമോടിക്കൽ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലൻസർ, നിയമവിരുദ്ധമായ ലൈറ്റുകൾ, അപകടം വരുത്തുന്ന രീതിയിലുള്ള വാഹനമോടിക്കൽ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. 161 കേസുകൾ രജിസ്റ്റർ ചെയ്യുകയും 4,10,330 രൂപ പിഴ ചുമത്തുകയും ചെയ്തു. ഗുരുതര നിയമലംഘനം നടത്തിയ ഡ്രൈവർമാർ എടപ്പാൾ ഐ.ഡി.ടി.ആറിലെ നിർബന്ധിത പരിശീലനം പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദേശിച്ചു. തിരൂരങ്ങാടി ജോയിന്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ, എൻഫോഴ്സ്മെന്റ് എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ കെ.ആർ. ഹരിലാൽ, പി. ബോണി, ടി. മുസ്തജാബ്, ഡ്രൈവർ മങ്ങാട്ട് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.