ഹജൂര്‍ കച്ചേരിയിലെ ജില്ല പൈതൃക മ്യൂസിയം: നിര്‍മാണം നിലച്ചിട്ട് നാല് മാസം
text_fieldsതിരൂരങ്ങാടി: ജില്ല പൈതൃക മ്യൂസിയ നിര്‍മാണം നിലച്ചിട്ട് നാല് മാസം പിന്നിട്ടു. ഒന്നാം ഘട്ട നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായിട്ടും ആദ്യഗഡു ഫണ്ട് അനുവദിക്കാത്തതിനാല്‍ നാല് മാസം മുമ്പ് കരാറുകാരന് നിര്‍മാണം നിര്‍ത്തി പോകുകയായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ആഗസ്റ്റിലാണ് ഹജൂര്‍ കച്ചേരി നവീകരണം ആരംഭിച്ചത്. കെട്ടിടത്തിലെ പുതിയ നിര്‍മാണങ്ങള്‍ ഒഴിവാക്കി പഴയ രീതിയിലേക്ക് മാറ്റുന്ന പ്രവൃത്തികളാണ് ഇതുവരെ നടന്നത്. അതിന്റെ ഭാഗമായി പുതിയ നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുകയും പഴമ നിലനിര്‍ത്താൻ നിലത്ത് പാകിയ ടൈലുകളും മറ്റും മാറ്റി സ്ഥാപിച്ചിരുന്നു.
സന്ദര്‍ശകര്‍ക്കായി പ്രത്യേകം ശുചിമുറി ബ്ലോക്കിന്റെ നിര്‍മാണവും പെയിന്റിങ്ങും മേല്‍ക്കൂരയുടെ തകരാറും പരിഹരിച്ചു. 58 ലക്ഷം രൂപയുടെ നവീകരണത്തില്‍ 90 ശതമാനവും പൂര്‍ത്തിയായ സാഹചര്യത്തില്‍ സമര്‍പ്പിച്ച ബില്ലുകളൊന്നും മാറിനല്കാത്തതിനാലാണ് പ്രവൃത്തി അവസാനിപ്പിച്ച് കരാറുകാരന് മടങ്ങിയത്. 15 ദിവസമായി നിര്‍മാണം നടക്കുന്നില്ല. ചുറ്റുമതില്‍ നവീകരണവും കോമ്പൗണ്ട് ഇന്റര്‍ലോക്ക് ചെയ്യുന്ന പ്രവൃത്തികളുമായി ഇനി ബാക്കിയുള്ളത്. നവീകരണത്തിനായി കെട്ടിടത്തിലെ 75 സെന്റ് ഭൂമിയും പുരാവസ്തു വകുപ്പിന് കൈമാറിയിട്ടുണ്ട്. ആദ്യഘട്ട നിര്‍മാണം രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, സര്‍ക്കാര്‍ അലംഭാവത്താല്‍ പ്രവൃത്തികള്‍ നിലച്ച സ്ഥിതിക്ക് രണ്ടാം ഘട്ട നവീകരണവും അവതാളത്തിലാകുമെന്ന ആശങ്കയിലാണ് ചരിത്ര പഠിതാക്കള്‍.
'പൈതൃക മ്യൂസിയമാക്കി സംരക്ഷിച്ചേ മതിയാകൂ' യു.എ. റസാഖ് (ചെയര്മാന്, ജില്ല പൈതൃക സംരക്ഷണ സമിതി)
1921ലെ പോരാട്ടത്തെ വർഗീയ കലാപമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലഘട്ടത്തില്‍ യഥാര്‍ഥ ചരിത്രം പുതുതലമുറക്ക് പകര്‍ന്ന് നല്കാന് ഹജൂര്‍ കച്ചേരിയെ പൈതൃക മ്യൂസിയമാക്കി സംരക്ഷിച്ചേ മതിയാകൂ. ഫാഷിസ്റ്റുകള്‍ ചരിത്രത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ ഇടത് സര്‍ക്കാര്‍ ചരിത്രത്തോട് മുഖം തിരിക്കുകയാണ്. 2011ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പൈതൃക സംരക്ഷണ സമിതി നിവേദനം നല്‍കിയതോടെയാണ് ഹജൂര്‍ കച്ചേരി കെട്ടിടം സംരക്ഷിക്കുന്നതിലേക്ക് സര്‍ക്കാര്‍ എത്തുന്നത്.
'ചരിത്രത്തോടുള്ള അവഹേളനം' ജഹാൻഷ മുണ്ടശ്ശേരി (പൊതുപ്രവർത്തകൻ)
ചരിത്രത്തോടുള്ള അവഹേളനമാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഹജൂർ കച്ചേരി സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമകളാണ്. അടിയന്തരമായി പ്രവൃത്തി പുനരാരംഭിക്കണം. രാഷ്ട്രീയഭേദമന്യേ പ്രതിഷേധം ഉയരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.