ഈ വെട്ടത്തിന് എന്തൊരു പ്രകാശമാ...
text_fieldsതിരൂരങ്ങാടി: നഗരസഭ പരിധിയിലെ പന്താരങ്ങാടി പാറപ്പുറത്ത് കരുത്തോൻ വീട്ടിൽ സുലൈഖക്കിനി വൈദ്യുതി വെട്ടവും തുണയായി ഉണ്ടാകും. ആശ്രയ പദ്ധതി പ്രകാരവും നാട്ടിലെ സുമനസ്സുകളും ചേർന്ന് മൂന്നു സെന്റിൽ നിർമിച്ച് നൽകിയ വീട്ടിൽ ഏഴു വർഷത്തോളമായി വൈദ്യുതി ഇല്ലാതെ പ്രയാസപ്പെടുകയായിരുന്നു സുലൈഖ. വീട്ടിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് മൂന്ന് തൂണുകളും അനുബന്ധകാര്യങ്ങളും വേണമായിരുന്നു. ഇതിനാൽ തന്നെ വൈദ്യുതി കിട്ടിയില്ല.
കഴിഞ്ഞദിവസമാണ് സുലൈഖ തിരൂരങ്ങാടി നഗരസഭയിൽ എത്തി ഒരുകുപ്പി മണ്ണെണ്ണ ആവശ്യപ്പെട്ടത്. എന്തിനാണ് മണ്ണെണ്ണ എന്ന് ചോദിച്ച സമയത്താണ് ദുഃഖ കഥ പറഞ്ഞത്. വിളക്ക് കത്തിക്കാനാണ് മണ്ണെണ്ണയെന്നും റേഷൻ കാർഡ് ഇല്ലാത്തതിനാൽ മണ്ണെണ്ണ കിട്ടാത്തതുകൊണ്ടാണ് ഇവിടെ എത്തിയതെന്നുമാണ് സുലൈഖ പറഞ്ഞത്. ഇതറിഞ്ഞ നഗരസഭ കൗൺസിലർ അലിമോൻ തടത്തിൽ കാര്യങ്ങൾ വിശദമായി കേട്ടറിഞ്ഞശേഷം സുലൈഖയെ സമാധാനിപ്പിച്ച് മടക്കിയയച്ചു. തുടർന്ന് നഗരസഭയിലെ കൗൺസിലർമാരായ അലി മോൻ തടത്തിൽ, അജാസ് ചാലിലകത്ത്, അരിമ്പ്ര മുഹമ്മദാലി, മുസ്തഫ പാലത്ത്, സെയ്തലവി കരിപറമ്പത്ത്, ചെറ്റാലി റസാക്ക് ഹാജി എന്നിവർ സുലൈഖയുടെ വീട്ടിലെത്തി.
കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് വൈദ്യുതി തൂണുകൾ പണം കൊടുത്തുവങ്ങി രണ്ടുദിവസത്തിനകം വൈദ്യുതി എത്തിക്കുകയുമായിരുന്നു. അതോടൊപ്പം തന്നെ തിരൂരങ്ങാടി സപ്ലൈ ഓഫിസറുമായി ബന്ധപ്പെട്ട ഒരൊറ്റ ദിവസം കൊണ്ട് തന്നെ സുലൈഖക്ക് ദാരിദ്രരേഖക്ക് താഴെയുള്ള റേഷൻ കാർഡ് അനുവദിച്ച് കിട്ടി. വിധവ പെൻഷൻ കൊണ്ടാണ് സുലൈഖ കഴിഞ്ഞിരുന്നത്. വീട്ടിൽ വൈദ്യുതി തെളിയിച്ചശേഷം മടങ്ങിയ കൗൺസിലർമാർ സുലൈഖയുടെ വൈദ്യുതി ബില്ലും ഈ ഭരണസമിതി അടക്കുമെന്ന് വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.