കടുത്ത ആശങ്കയിൽ വെള്ളിനക്കാട്ടുകാർ
text_fieldsതിരൂരങ്ങാടി: കാലവർഷം ശക്തമാകുമ്പോൾ കടലുണ്ടിപ്പുഴ കരകവിഞ്ഞൊഴുകി തിരൂരങ്ങാടി വെള്ളിനക്കാട്ടിൽ കരയിടിച്ചിൽ വ്യാപകമായിരുന്നു. പ്രദേശത്ത് നിരവധി വീടുകൾ അപകട ഭീഷണിയിലാണ്. താൽക്കാലിക ആശ്വാസം എന്നോണം കഴിഞ്ഞദിവസം തിരൂരങ്ങാടിയിലെ സന്നദ്ധ സംഘടനകളും മറ്റും ചേർന്ന് വെള്ളിനക്കാട്ട് കരടിച്ചുള്ള ഭാഗത്ത് നിർമിച്ച താൽക്കാലിക സംരക്ഷണഭിത്തി കടലുണ്ടി പുഴയുടെ ശക്തമായ കുത്തൊഴുക്കിൽ ഉച്ചയോടെ ഒഴുകിപ്പോയി.
അരലക്ഷം രൂപയോളം ചിലവാക്കിയായിരുന്നു നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും ശ്രമഫലമായി താൽക്കാലിക സംരക്ഷണഭിത്തി ഒരുക്കിയത്. ഇതാണ് തിങ്കളാഴ്ച ഉച്ചയോടെ അതിശക്തമായ മഴയിലും കടലുണ്ടിപ്പുഴയുടെ ഒഴുക്കിലും ഒലിച്ചുപോയത്.
കരയിടിച്ചിൽ വ്യാപകമായതിനാൽ ഏത് സമയവും പുഴ എടുക്കുമെന്ന ഭീഷണിയിലാണ് നിരവധി വീടുകൾ. പ്രദേശത്ത് ശാശ്വതമായി സംരക്ഷണഭിത്തി ഒരുക്കണം എന്നുള്ളതിന് വർഷങ്ങളുടെ പഴക്കമുണ്ട്. കാലവർഷം കനക്കുന്നതിന് അനുസരിച്ച് വെള്ളിനക്കാട് പ്രദേശത്ത് പുഴക്കര വ്യാപകമായി ഇനിയും ഇടിയുമെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാരും പ്രദേശവാസികളും.
എടരിക്കോട് മരം കടപുഴകി വീണു
കോട്ടക്കൽ: കനത്ത മഴയിലും കാറ്റിലും കൂറ്റൻ മരം റോഡിൽ കടപുഴകി വീണു. എടരിക്കോട് ഒറ്റത്തെങ് താഴെമാട് റോഡിൽ ചോലക്കപ്പറമ്പൻ അലവിക്കുട്ടിയുടെ വീട്ടുവളപ്പിലെ പ്ലാവാണ് നിലംപൊത്തിയത്. അപകടത്തിൽ ചുറ്റുമതിലും തകർന്നു. റോഡിന് കുറുകെ മരം വീഴുകയായിരുന്നു. വൈദ്യുതി കമ്പികളിൽ മരത്തിന്റെ ശിഖരങ്ങൾ കുടുങ്ങിയതിനെ തുടർന്ന് മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ആളപായമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.