വിദ്യാർഥികളിൽനിന്ന് അമിത നിരക്ക്; പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsതിരൂരങ്ങാടി: ഔദ്യോഗിക വേഷമഴിച്ച് സാധാരണ യാത്രക്കാരായി ട്രാൻസ്പോർട്ട് വകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യബസിൽ കയറിയപ്പോൾ കണ്ടത് വിദ്യാർഥികളുടെ ദുരിതയാത്രയുടെ നേർക്കാഴ്ച. പൂക്കിപ്പറമ്പ് സ്കൂളിലേക്ക് പോകുന്നതിനും വരുന്നതിനും അമിതനിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് കക്കാട് സ്വദേശിയായ രക്ഷിതാവ് തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ ഇൻചാർജ് സി.കെ. സുൽഫിക്കറിന് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വേറിട്ട പരിശോധനയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്. വിദ്യാർഥികളുടെ യാത്ര പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഉദ്യോഗസ്ഥർ വിദ്യാർഥികളോടൊപ്പം യാത്ര ചെയ്യുകയായിരുന്നു.
തിരൂരങ്ങാടി ജോയന്റ് ആർ.ടി.ഒ ഇൻചാർജ് സി.കെ. സുൽഫിക്കർ, എം.വി.ഐ വി.എസ്. സിന്റൊ എന്നിവരുടെ നേതൃത്വത്തിലാണ് മഫ്തിയിലും അല്ലാതെയും വിദ്യാർഥികളോടൊപ്പം സ്വകാര്യ ബസിൽ യാത്രക്കാരായി കയറിയത്. അമിതനിരക്ക് ഈടാക്കുന്നതും ബസിൽ കയറാൻ ജീവനക്കാരുടെ നിയന്ത്രണങ്ങളും ഉൾപ്പെടെ കുട്ടികൾ ഉന്നയിക്കുന്ന പരാതികൾ ഉദ്യോഗസ്ഥർ നേരിട്ടറിഞ്ഞു. അമിതനിരക്ക് ഈടാക്കിയതിന് മൂന്നു ബസുകൾക്കെതിരെ കേസെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും അമിത നിരക്ക് ഈടാക്കുന്ന കണ്ടക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് ഉൾപ്പെടെ കർശന നടപടി എടുക്കുമെന്നും ജോയന്റ് ആർ.ടി.ഒ ഇൻചാർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.