തുക അധികമായി: നന്നമ്പ്ര കുടിവെള്ള പദ്ധതി ജലജീവൻ മിഷൻ മടക്കി
text_fieldsതിരൂരങ്ങാടി: 60 കോടിയുടെ നന്നമ്പ്ര കുടിവെള്ള പദ്ധതി സംസ്ഥാന ജലജീവൻ മിഷൻ മടക്കി. 60 കോടി രൂപ ഒരു പഞ്ചായത്തിന് മാത്രമായി നൽകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. ജല അതോറിറ്റി നൽകിയ പദ്ധതി ജില്ല കലക്ടർ അധ്യക്ഷനായ സമിതി അംഗീകരിച്ച് സംസ്ഥാന ജലജീവൻ കമീഷന് വിട്ടിരുന്നു.
ഒരു പഞ്ചായത്തിന് 20 കോടി മാത്രമാണ് ജല ജീവൻ മിഷൻ പദ്ധതിപ്രകാരം നൽകാൻ സാധിക്കുക. നന്നമ്പ്ര പദ്ധതി 60 കോടി രൂപ ആയതിനാൽ ഒന്നിൽ കൂടുതൽ പഞ്ചായത്ത് ഉൾപെട്ടാൽ മാത്രമേ പണം പൂർണമായും നൽകാൻ സാധിക്കൂ. സമീപ പഞ്ചായത്തുകളായ തെന്നല, ഒഴൂർ പഞ്ചായത്തുകളിൽ ജലനിധി പദ്ധതി ഉള്ളതിനാൽ ഇവയെ നന്നമ്പ്രയോട് കൂട്ടിച്ചേർക്കാൻ സാധ്യമല്ല. പിന്നെയുള്ളത് താനൂർ, പരപ്പനങ്ങാടി, തിരൂരങ്ങാടി മുനിസിപ്പാലിറ്റികളാണ്. നിലവിൽ മുനിസിപ്പാലിറ്റികളിൽ ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കാനും സാധ്യമല്ല. ഇതോടെ പദ്ധതിക്ക് എങ്ങനെ അംഗീകാരം നൽകാൻ സാധിക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ് അധികൃതർ.
ചൊവ്വാഴ്ച ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി എം.എൽ.എ കെ.പി.എ. മജീദ് കൂടിക്കാഴ്ച നടത്തും. രണ്ടാംഘട്ടമായി നഗരസഭകളിലും ജലജീവൻ മിഷൻ പദ്ധതി വരുന്നുണ്ട്. ഇത് വേഗത്തിൽ വരുമെങ്കിൽ അടുത്തുള്ള നഗരസഭകളെ ഉൾപ്പെടുത്തി വലിയ പദ്ധതി തന്നെ നടപ്പാക്കാം. നഗരസഭകളെ ഉൾപ്പെടുത്തുന്നത് വൈകുമെങ്കിൽ 20 കോടിയിൽ ഭാഗികമായി പദ്ധതി നടപ്പാക്കി വീണ്ടും ഫണ്ട് ലഭ്യമാക്കി തുടർകണക്ഷനും നടപ്പാക്കുന്ന തരത്തിൽ ജലജീവൻ മിഷനുമായി കൂടിക്കാഴ്ചയിൽ ചർച്ച നടത്തുമെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.