കുണ്ടൂര്‍ തോട് നവീകരണം എന്ന് നടക്കും?, നവീകരണത്തിനുള്ള 15 കോടി രൂപ സര്‍ക്കാര്‍ പിന്‍വലിച്ചു
text_fieldsതിരൂരങ്ങാടി: കുണ്ടൂര്‍ തോട് നവീകരണത്തിനായി പ്രഖ്യാപിച്ച 15 കോടി രൂപ സര്‍ക്കാര്‍ പിന്‍വലിച്ചു. 2016ല്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച ബജറ്റിലാണ് തുക അനുവദിച്ചത്. പിന്നീട് തുക കിഫ്ബിയിലേക്ക് മാറ്റി. ഇപ്പോള്‍ കിഫ്ബിയില്‍ തോട് നവീകരണത്തിന് ഫണ്ടില്ലെന്ന് കാണിച്ച് കെ.പി.എ. മജീദ് എം.എല്‍.എക്ക് അധികൃതര്‍ കത്ത് നല്‍കിയിരിക്കുകയാണ്.
തോട് നവീകരണ സ്വപ്നത്തിന് ഏഴ് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. തിരൂരങ്ങാടി നഗരസഭയിലെ വെഞ്ചാലി മുതല്‍ ഒഴൂര്‍ പഞ്ചായത്തിലെ തെയ്യാല വരെ അഞ്ച് കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്നതാണ് കുണ്ടൂര്‍ തോട്.
ജല അതോറിറ്റിയുടെ കുടിവെള്ള പദ്ധതിയോ മറ്റു ജലസ്രോതസ്സുകളോ ഇല്ലാത്ത നന്നമ്പ്ര പഞ്ചായത്തില്‍ പൂര്‍ണമായി വ്യാപിച്ചു കിടക്കുന്നതാണിത്. ആയിരത്തോളം ഏക്കര്‍ ഭൂമിയിലെ പുഞ്ചകൃഷിക്കും എട്ടായിരത്തോളം കുടുംബങ്ങളുടെ കുടിവെള്ളത്തിനും ഏക ആശ്രയമാണ്. നന്നമ്പ്രയിൽ കനാല്‍ സൗകര്യവുമില്ല.
പി.കെ. അബ്ദുറബ്ബ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് 2018ല്‍ തോട്ടിലെ മണ്ണ് നീക്കിയിരുന്നു. ആറ് മുതല്‍ 18 വരെ മീറ്റര്‍ വീതിയുള്ള തോട്ടില്‍ സർവേ നേരത്തേ പൂര്‍ത്തിയാക്കി കൈയേറ്റം ഒഴിപ്പിച്ചിരുന്നു.
15 കോടി രൂപ ചെലവിട്ട് സമ്പൂർണമായി നവീകരിക്കാനായിരുന്നു തീരുമാനം. ഇതിനായി എസ്റ്റിമേറ്റ് തയാറാക്കി കെല്ലിനെ നിർമാണ പ്രവൃത്തികള്‍ ഏല്പിച്ചിരുന്നു. വെഞ്ചാലി മുതല്‍ കുണ്ടൂര്‍ മര്‍കസ് താഴം വരെ ഒരു മീറ്റര്‍ വീതിയില്‍ കോൺക്രീറ്റ് ഭിത്തി നിര്‍മിച്ച് നവീകരിക്കാനായിരുന്നു പദ്ധതി. തിരൂരങ്ങാടിയുടെ നെല്ലറയായ കുണ്ടൂര്‍ പാടശേഖരത്തിലെ വെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍.
അതോടൊപ്പം കുണ്ടൂര്‍, കൊടിഞ്ഞി, കടുവാളൂര്‍, ചെറുമുക്ക്, അല്അമീന് നഗര്‍, അത്താണി, മൂലക്കല്, എസ്.എം നഗര്‍, മച്ചിങ്ങത്താഴം പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകുന്നതായിരുന്നു പദ്ധതി. എന്നാല്‍, ഫണ്ട് പിന്‍വലിച്ചതോടെ എല്ലാം അവതാളത്തിലായി. ഇതോടെ ശക്തമായ പ്രതിഷേധത്തിലാണ് കര്‍ഷകരും നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.