തിരൂരങ്ങാടി, നന്നമ്പ്ര കുടിവെള്ള പദ്ധതികൾക്ക് പച്ചക്കൊടി
text_fieldsതിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ കുടിവെള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ തീരുമാനം. കെ.പി.എ. മജീദ് എം.എൽ.എയുടെ ആവശ്യപ്രകാരം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിെൻറയും എം.എൽ.എയുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് തീരുമാനം.
തിരൂരങ്ങാടി കുടിവെള്ള പദ്ധതി എന്ന കല്ലക്കയം പദ്ധതി, നന്നമ്പ്ര പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതി, കുണ്ടൂർ തോട് നവീകരണം എന്നീ പദ്ധതികളുടെ നിർവഹണവുമായി ബന്ധപ്പെട്ടായിരുന്നു യോഗം.
മുൻ എം.എൽ.എ പി.കെ. അബ്ദുറബ്ബിെൻറ ശ്രമഫലമായി 2014 ഡിസംബറിൽ 10 കോടി ഭരണാനുമതി ലഭിച്ച പദ്ധതിയാണ് കല്ലക്കയം.
2016ൽ ടെൻഡർ പൂർത്തിയാക്കിയ പദ്ധതി 2017ൽ പൂർത്തിയാകേണ്ടതായിരുന്നു. പല കാരണങ്ങളാൽ നീണ്ടുപോയി. തടസ്സങ്ങൾ നീക്കി പ്രവൃത്തി ആരംഭിച്ചപ്പോൾ പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് കീറി പുനരുദ്ധാരണം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പിലേക്ക് അടക്കേണ്ട 2,37,37,868 കോടി രൂപയിൽ 80,66,276 രൂപ മാത്രമാണ് സർക്കാർ അനുവദിച്ചത്. ഇതാണ് പദ്ധതി വൈകാൻ കാരണമായത്. റോഡ് പുനരുദ്ധാരണത്തിനുള്ള പണം അനുവദിക്കാനും ബാക്കി പ്രവൃത്തി അടിയന്തരമായി ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.
60 കോടി രൂപയാണ് പദ്ധതിയുടെ എസ്റ്റിമേറ്റ്. ജലജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഈ പദ്ധതി ജില്ലതലത്തിൽ അംഗീകരിച്ച ശേഷം സംസ്ഥാനതല കമ്മിറ്റിക്ക് അയച്ചെങ്കിലും പദ്ധതി മടക്കി. ഈ മാസാവസാനം നടക്കുന്ന അടുത്ത സംസ്ഥാനതല സമിതിയിൽ പദ്ധതി വീണ്ടും സമർപ്പിക്കാനും അംഗീകാരം നൽകാനും തീരുമാനമായി.
2016ലെ ബജറ്റിൽ 15 കോടി രൂപ വകയിരുത്തി പ്രഖ്യാപിച്ച പദ്ധതിയാണ് കുണ്ടൂർ തോട് നവീകരണം. ഈ വർഷം ജനുവരിയിൽ പദ്ധതിക്ക് 15 കോടി അനുവദിച്ചുള്ള പുതുക്കിയ ഭരണാനുമതി ഉത്തരവ് നൽകുകയും പ്രവൃത്തി നടപ്പാക്കാൻ കേരളം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷനെ ചുമതലപ്പെടുത്തി.
പദ്ധതിയുടെ മറ്റും സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചു ടെൻഡർ ചെയ്യാനും യോഗം തീരുമാനിച്ചു. ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സൂപ്രണ്ടിങ് എൻജിനീയർ പ്രസാദ്, എക്സിക്യൂട്ടിവ് എൻജിനീയർ ശോഭ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ റഷീദ്, കാവുങ്ങൽ കുഞ്ഞിമരക്കാർ, സി. ബാപ്പുട്ടി, ടി.കെ. നാസർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.