തിരൂരങ്ങാടി നഗരസഭയില്‍ 46 കോടിയുടെ കുടിവെള്ള പദ്ധതി
text_fieldsതിരൂരങ്ങാടി: അമൃത് മിഷന് ജലപദ്ധതിയില്‍ 15.56 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ദിവസം അമൃത് മിഷന് സംസ്ഥാനതല ഉന്നതതല യോഗം ഭരണാനുമതി നല്‍കിയതോടെ തിരൂരങ്ങാടി നഗരസഭയില്‍ വിവിധ പദ്ധതികളിലൂടെ ഒരുങ്ങുന്നത് 46 കോടി രൂപയൂടെ സമഗ്ര കുടിവെള്ള പദ്ധതി. കല്ലക്കയം ശുദ്ധജല പദ്ധതിയില്‍ അന്തിമഘട്ടത്തിലെത്തിയ 10 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് പുറമെ സ്റ്റേറ്റ് പ്ലാനില്‍ 14 കോടി രൂപയുടെ കല്ലക്കയം രണ്ടാംഘട്ട പ്രവൃത്തികള്‍ സാങ്കേതികാനുമതിക്കായി സമര്‍പ്പിച്ചു തുടങ്ങി.
നഗരസഞ്ചയം പദ്ധതിയില്‍ നാലുകോടി രൂപയും അനുവദിച്ചിട്ടുണ്ട്. ചെമ്മാട് ടാങ്കിലേക്ക് പുതിയ പമ്പിങ് മെയിന്‍ ലൈന്‍ സ്ഥാപിക്കുന്നതിന് ഒന്നര കോടി രൂപയുടെ ടെൻഡര്‍ ക്ഷണിച്ചു. താലൂക്ക് ആശുപത്രിയിലേക്ക് നേരിട്ട് ലൈൻ വലിക്കുന്നതിന് 50 ലക്ഷം രൂപയുടെ ടെൻഡറും ക്ഷണിച്ചിട്ടുണ്ട്. കല്ലക്കയത്തുനിന്ന് പുതിയ പമ്പിങ് മെയിന്‍, ട്രാന്‍സ്ഫോര്‍മര്‍, മറ്റു സജ്ജീകരണങ്ങള്‍, റോഡ് പുനരുദ്ധാരണം, ജലസംഭരണി തുടങ്ങിയവ അമൃത് പദ്ധതിയില്‍ നടപ്പാക്കും. വിവിധ പദ്ധതികളിലായി കരിപറമ്പ്, ചന്തപ്പടി, കക്കാട് എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍ നിര്‍മിക്കും.
എട്ടുലക്ഷം രൂപയുടെ സമഗ്ര കുടിവെള്ള സർവേയും പൂര്‍ത്തിയായി വരുന്നു. കല്ലക്കയത്ത് പ്രതിദിനം 72 ലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയുന്ന പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് ഉള്‍പ്പെടെയുള്ളവയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്. കല്ലക്കയം പദ്ധതിയിലെ പുതിയ കിണറ്റില്‍നിന്ന് ഈ മാസം പമ്പിങ് തുടങ്ങും.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അമൃത് മിഷന് സംസ്ഥാന ഉന്നതതലയോഗത്തില്‍ നഗരസഭയെ പ്രതിനിധാനം ചെയ്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ഇഖ്ബാല്‍ കല്ലുങ്ങല്‍ പങ്കെടുത്തു. അമൃത് പദ്ധതിയിൽ ജില്ലയിൽനിന്ന് സമയബന്ധിതമായി പദ്ധതികൾ സമർപ്പിച്ച തിരൂരങ്ങാടിയുൾപ്പെടെ രണ്ട് നഗരസഭകൾക്ക് മാത്രമാണ് ഭരണാനുമതിയായത്. കെ.പി.എ. മജീദ് എം.എല്‍.എയുടെയും തിരൂരങ്ങാടി നഗരസഭ ഭരണസമിതിയുടെയും ഊര്‍ജിതമായ ശ്രമങ്ങളിലൂടെയാണ് വിവിധ അനുമതികള്‍ ലഭിച്ചത്. നഗരസഭ വാർഷിക പദ്ധതിയിൽ വിവിധ ഭാഗങ്ങളിൽ പൈപ്പ് ലൈൻ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്, അവലോകനത്തില്‍ ചെയര്മാന് കെ.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി. സുഹ്റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി. ഇസ്മായില്‍, എം. സുജിനി, വഹീദ ചെമ്പ, ടി. മനോജ്കുമാര്‍, കെ. അജ്മല്‍, ഇ. നാസര്‍ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.