അപകടം കുറക്കാൻ പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്
text_fieldsതിരൂരങ്ങാടി: നിരത്തുകളിലെ അപകടം കുറക്കാൻ ജില്ലയിൽ പരിശോധന കർശനമാക്കി മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം. ഏറ്റവും കൂടുതൽ അപകടത്തിൽപെടുന്നത് ഇരു ചക്രവാഹനമായതിനാൽ ഹെൽമറ്റ് പരിശോധന ഉൾപ്പെടെ കർശനമാക്കിയിട്ടുണ്ട്.
ജില്ല എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിന്‍റെ നിർദേശപ്രകാരം തിരൂരങ്ങാടി, തിരൂർ, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി എന്നീ ഭാഗങ്ങളിലാണ് മാർച്ച് ഒന്നുമുതൽ 15 വരെ പരിശോധന നടത്തിയത്. ഇതിൽ ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച 712 പേർക്കെതിരെ 3,56,000 രൂപ ഈടാക്കി. കൂടാതെ മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ച 12 പേർക്കെതിരെ 24,000 രൂപയും സീറ്റ് ബെൽറ്റ് ധരിക്കാത്ത ഒമ്പതുപേർക്കെതിരെ 4500 രൂപയും ലൈസൻസില്ലാതെ വാഹനമോടിച്ച 121 പേർക്കെതിരെ 6,05,000 രൂപയും ഇരുചക്രവാഹനത്തിൽ മൂന്നുപേരെ കയറ്റിയുള്ള 27 പേർക്കെതിരെ 27,000 രൂപയും ഇൻഷുറൻസ് ഇല്ലാത്ത 126 വാഹനങ്ങൾക്കെതിരെ 2,58,000 രൂപയും, ഫിറ്റ്നസ് ഇല്ലാത്ത 19 വാഹനങ്ങൾക്കെതിരെ 60,000 രൂപയും, കൂളിങ് ഫിലിം ഉപയോഗിച്ച 16 വാഹനങ്ങൾക്കെതിരെ 4,000 രൂപയും പിഴ ഈടാക്കി.
ആകെ 1373 കേസുകളിലായി 21,87,626 രൂപയാണ് ഈടാക്കിയത്. വാഹനം തടഞ്ഞ് നിർത്താതെ കാമറയുടെ സഹായത്തോടെയും പരിശോധന നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.