മന്ത്രിക്ക് മുന്നിൽ നാടിന്റെ പ്രശ്നങ്ങൾ പറഞ്ഞ് റാബിയ
text_fieldsതിരൂരങ്ങാടി: അംഗപരിമിതിയെ മറികടന്ന് സാക്ഷരത പ്രവർത്തനത്തിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു നിന്നതിന്റെ അംഗീകാരമായി പത്മശ്രീ ലഭിച്ച കെ.വി. റാബിയയെ റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ പൊന്നാട അണയിച്ചു. റിപ്പബ്ലിക് ദിനത്തിൽ തിരൂരങ്ങാടി വെള്ളിലക്കാടിലെ വീട്ടില്‍ മന്ത്രി എത്തി സംസ്ഥാന സർക്കാറിന് വേണ്ടി റാബിയയെ ആദരിക്കുകയായിരുന്നു. 'സ്വപ്നങ്ങള്‍ക്കും ചിറകുകളുണ്ട്' റാബിയയുടെ പുസ്തകം അവർ മന്ത്രിക്ക് സമ്മാനിച്ചു.
സാക്ഷരത പ്രസ്ഥാനത്തിനും സാമൂഹിക പ്രവര്‍ത്തനത്തിനും അംഗപരിമിതി പ്രശ്നമല്ലെന്ന് തെളിയിച്ച വ്യക്തിത്വമാണ് റാബിയയെന്നും സർക്കാറിന് വേണ്ടി പുരസ്കാരം സമർപ്പിക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
കടലുണ്ടിപ്പുഴ കരകവിയുന്ന ഘട്ടത്തിലും മണ്ണിടിച്ചിലുണ്ടാകുന്ന സാഹചര്യത്തിലും തിരൂരങ്ങാടിയിലെയും പരിസര പ്രദേശങ്ങളിലെയും ജനം അനുഭവിക്കുന്ന ദുരിതം പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന റാബിയയുടെ അഭ്യർഥന കണക്കിലെടുത്ത് ഒരു മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. പ്രശ്ന പരിഹാരത്തിനായി നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മണ്ണിടിച്ചിൽ ഭീഷണിയുള്ള പുഴയോര പ്രദേശങ്ങൾ കലക്ടറുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുകയും ചെയ്തു. കലക്ടര്‍ വി.ആര്. പ്രേംകുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ പി.ഒ. സാദിഖ്, തിരൂരങ്ങാടി നഗരസഭ ചെയര്മാന് കെ.പി. മുഹമ്മദ് കുട്ടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, ഡെപ്യൂട്ടി തഹസില്‍ദാര്‍ സുധീഷ്, സി.പി.ഐ ജില്ല സെക്രട്ടറി പി.കെ. കൃഷ്ണദാസ്, നിയാസ് പുളിക്കലകത്ത്, നഗരസഭ കൗൺസിലർ അരിമ്പ്ര മുഹമ്മദലി, കെ. മൊയ്തീൻ കോയ, എം.പി. സ്വാലിഹ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.